സ്പാനിഷ് ലീഗിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് മെസിയുടെ പേരു നല്‍കാന്‍ ഒരുങ്ങുന്നു ! മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളെന്ന് ലാലിഗാ പ്രസിഡന്റ്

സൂപ്പര്‍താരം ലയണല്‍ മെസിയെ ആദരിക്കാനൊരുങ്ങി സ്പാനിഷ് ലാലിഗ. ലാലിഗയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനു മെസിയുടെ പേരു നല്‍കാനാണ് ഇപ്പോള്‍ അലോചിക്കുന്നത്. ലാലിഗ പ്രസിഡന്റ് ഓസ്‌കാര്‍ ടെബാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെസി ഫുട്‌ബോളില്‍ നിന്നും വിരമിച്ചതിനു ശേഷമായിരിക്കും ഇതു നടപ്പിലാക്കുന്നത്. മാധ്യമങ്ങള്‍ ഇക്കാര്യം ടബേസിനോടു ചോദിച്ചപ്പോള്‍ പരിഗണിക്കാവുന്ന കാര്യമാണിതെന്ന് ടബേസ് വ്യക്തമാക്കുകയും ചെയ്തു.

ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണു മെസിയെന്നും താരത്തിന്റെ കരിയര്‍ അവസാനിച്ചതിനു ശേഷം മികച്ച കളിക്കാരനുള്ള പുരസ്‌കാരം മെസിയുടെ പേരില്‍ നല്‍കാവുന്നതാണെന്നും ടെബാസ് പറഞ്ഞു. ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം അത്‌ലറ്റിക്കോ ബില്‍ബാവോയുടെ ഇതിഹാസ താരം ടെല്‍മോ സാറായുടെ പേരില്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ ഉയര്‍ന്നു വന്ന മെസി സീനിയര്‍ കരിയറില്‍ ഇതു വരെ മറ്റൊരു ടീമിനു വേണ്ടി പന്തു തട്ടിയിട്ടില്ല. ഒന്‍പതു ലാലിഗ കിരീടങ്ങള്‍ കരിയറില്‍ സ്വന്തമാക്കിയിട്ടുള്ള മെസിയാണ് സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള താരം. 390 ഗോളുകളാണ് താരം ബാഴ്‌സലോണക്കു വേണ്ടി ലാലിഗയില്‍ നേടിയിട്ടുള്ളത്. പരിക്കേറ്റതിനെത്തുടര്‍ന്ന് നിലവില്‍ വിശ്രമത്തിലാണ് മെസി.

Related posts