വീടും സ്ഥലവും വില്‍പ്പനയ്ക്ക് എന്നെഴുതി വച്ച ബോര്‍ഡുകള്‍ പലയിടത്തും കാണാമെങ്കിലും സ്‌പെയിനില്‍ ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നത് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് ഗ്രാമങ്ങളാണ്.അതിമനോഹരമായ പുല്ലുനിറഞ്ഞ താഴ്‌വാരത്തിന് അഭിമുഖമായി കരിങ്കല്ലില്‍ തീര്‍ത്ത ആറു വീടുകള്‍, രണ്ടു പത്തായപ്പുരകള്‍ ചുറ്റുമുള്ള പുരയിടങ്ങള്‍. ഇത്രയും അടങ്ങുന്ന ചെറുഗ്രാമത്തിന് വില വെറും 96,000 ഡോളറാണ്. ഇത് കേള്‍ക്കുമ്പോള്‍ കെട്ടുകഥയായി തോന്നാമെങ്കിലും സംഗതി സത്യമാണ്. സ്‌പെയിനില്‍ ആയിരക്കണക്കിന് പ്രേതഗ്രാമങ്ങളാണ് ഇത്തരത്തില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിനോദസഞ്ചാരികളും സാഹസപ്രിയരും ഈ പ്രേതഗ്രാമങ്ങള്‍ സ്വന്തമാക്കാന്‍ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
കുറഞ്ഞ ജനനനിരക്കും ഗ്രാമങ്ങളില്‍നിന്ന് ജോലി തേടി നഗരങ്ങളിലേക്കുള്ള ഒഴുക്കും മൂലം സ്‌പെയിനിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഗ്രാമങ്ങളാണ് ജനവാസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്. ഇത്തരം ഗ്രാമങ്ങള്‍ വിട്ടൊഴിഞ്ഞ് നഗരങ്ങളില്‍ ചേക്കേറിയവര്‍ ഒരുമിച്ചു കൂടി തങ്ങളുടെ വീടും പുരയിടവും ഒന്നിച്ചു വില്‍ക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാരിനും ഇതു തലവേദനയായിരിക്കുകയാണ്. തലമുറകളായി തങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ താമസിച്ചിരുന്ന ചെറുഗ്രാമം വില്‍പനയ്ക്കു വച്ചിരിക്കുകയാണ് ഗുസ്താവോ ഇഗ്ലേഷ്യസ് എന്ന പൊലീസുകാരന്‍ ഉള്‍പ്പെടെ അതിന്റെ ഉടമകള്‍.
ആറു വീടുകളും പത്തായപ്പുരയും അതിനോടു ചേര്‍ന്ന സ്ഥലവുമാണ് വില്‍ക്കുന്നത്. 96000 ഡോളറാണു വിലയിട്ടിരിക്കുന്നത്. അടുത്തുള്ള നഗരത്തില്‍ പൊലീസുകാരനായി ജോലി ചെയ്യുകയാണ് ഗുസ്താവോ. പിതാവ് മരിച്ചതോടെ പൂര്‍ണമായി നഗരത്തിലേക്കു മാറി. മറ്റുള്ളവരും ജോലികള്‍ക്കായി നഗരത്തിലെത്തിയതോടെ എല്ലാ വീടുകളും ഒഴിഞ്ഞു. വീടുകള്‍ കാടുപിടിച്ചു തുടങ്ങിയതോടെയാണ് ഗ്രാമം ഒന്നാകെ വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഒഴിഞ്ഞ വീടുകള്‍ ഉടമകള്‍ പരിപാലിക്കണമെന്ന് പ്രാദേശിക കൗണ്‍സില്‍ തീരുമാനമെടുത്തതോടെയാണ് അവ വിറ്റൊഴിയാന്‍ അവര്‍ നിര്‍ബന്ധിതരായത്. ഇപ്പോഴത്തെ വരുമാനം കൊണ്ട് വീടുകള്‍ പരിപാലിക്കാന്‍ കഴിയാത്തവര്‍ ബാധ്യത ഒഴിപ്പിക്കാനുള്ള ഓട്ടത്തിലാണ്. ഇത്തരത്തില്‍ കൂടുതല്‍ ഗ്രാമങ്ങള്‍ വരും വര്‍ഷങ്ങളില്‍ വില്‍പനയ്ക്കു വരുമെന്നാണ് വിലയിരുത്തല്‍.
സാഹസികരായ വിദേശികളാണ് ഇത്തരത്തില്‍ ചെറുഗ്രാമങ്ങള്‍ വാങ്ങാനെത്തുന്നവരില്‍ ഒട്ടുമിക്കവരും. കുറഞ്ഞ വിലയാണ് ഇവരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതെന്ന് അടുത്തിടെ നാല്‍പതു ചെറുഗ്രാമങ്ങള്‍ വിറ്റഴിച്ച ഒരു ഏജന്‍സി വ്യക്തമാക്കി. ഇവിടങ്ങളില്‍ ലഭിക്കുന്ന അപൂര്‍വ ഭക്ഷ്യവസ്തുക്കളും അതിമനോഹരമായ കാലാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് വില്‍പനയ്ക്കുള്ള പരസ്യം നല്‍കുന്നത്.
സ്‌പെയിനിലെ പകുതിയോളം മുന്‍സിപ്പാലിറ്റികളിലും ആയിരത്തില്‍ താഴെ ആളുകളാണ് കഴിയുന്നത്. യൂറോപ്പിലാകെ പടരുന്ന നഗരവല്‍ക്കരണം ഗ്രാമങ്ങളെയാകെ വെളിമ്പറമ്പുകളാക്കുകയാണെനനാണ് റിപ്പോര്‍ട്ട്. സ്‌പെയിനിലെ പകുതിയോളം ഭൂപ്രദേശത്തും ഒരു ചതുരശ്ര കിലോമീറ്ററില്‍ 12.5ല്‍ താഴെയാണ് ജനസാന്ദ്രത. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയാണിത്. യൂറോപ്യന്‍ യൂണിയനില്‍ മാള്‍ട്ടയ്ക്കു ശേഷം ജനനനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് സ്‌പെയിന്‍.
ഗ്രാമീണനഗര മേഖലകളിലെ ജനനനിരക്കിലും വലിയ അന്തരമാണുള്ളത്. 2050ഓടെ സ്‌പെയിനിലെ 70 ശതമാനം ആളുകളും വമ്പന്‍ നഗരങ്ങളിലാവും താമസിക്കുകയെന്നാണ് വിദഗ്ധപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ നഗരങ്ങളിലെ ആവാസവ്യവസ്ഥിതിയും താളംതെറ്റും. ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം വര്‍ധിപ്പിച്ച് വീട്ടിലിരുന്നു ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കുന്നതുള്‍പ്പെടെ വിവിധ പദ്ധതികളാണ് ഈ വെല്ലുവിളി തരണം ചെയ്യാനായി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഗ്രാമീണ മേഖലകളിലേക്കു മാറുന്നവര്‍ക്കു കൂടുതല്‍ ഇന്‍സന്റീവ് നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
മാഡ്രിഡില്‍നിന്നുള്ള ഫാഷന്‍ ഫോട്ടോഗ്രഫറായ അല്‍ബെട്രോ ഹിഡാല്‍ഗോ 35 ഹെക്ടറുള്ള ഒരു ചെറു ഗ്രാമം സ്വന്തമാക്കിയത് വെറും 120,000 യൂറോയ്ക്കാണ്. 118 വര്‍ഷമായി ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആല്‍ബെട്രോ. തങ്ങള്‍ക്കു പരിപാലിക്കാന്‍ കഴിയാത്ത പൈതൃകം നശിക്കാതിരിക്കാനാണ് അതിനു കഴിയുന്നവര്‍ക്കു വില്‍ക്കുന്നതെന്നാണ് തദ്ദേശവാസികളുടെ നിലപാട്. ജനങ്ങളുടെ നഗരകേന്ദ്രീകരണം ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ ഇനിയും ഏറെഗ്രാമങ്ങള്‍ പ്രേതഗ്രാമങ്ങളായി മാറുമെന്നുറപ്പ്.