ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം ആളുകളെ തിരിച്ചറിയുന്നുണ്ടെന്ന് മകൻ എസ്.പി.ചരൻ പറഞ്ഞു.
“അപ്പാ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. പൂർണ ആരോഗ്യവാനായി കുറച്ചുദിവസത്തിനകം തിരിച്ചെത്തും’- ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചരൻ പറഞ്ഞു.
ചെന്നൈ അരുമ്പാക്കം നെൽസണ്‍മാണിക്കം റോഡിലുള്ള എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്.
അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് എസ്പിബിയെന്നു ആശുപത്രി നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ എസ്പിബിയുടെ ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്കു മാറ്റുകയുമായിരുന്നു.