മലപ്പുറം: അർധചന്ദ്രാകൃതിയിലുള്ള നിയമസഭാ വേദി ശരീരം പൂർണ്ണമായി തിരിഞ്ഞാൽ മാത്രമേ മുഴുവനായി കാണാൻ കഴിയുന്നുള്ളൂവെന്ന കാഴ്ചാ പ്രശ്നത്തെക്കുറിച്ച് നിരന്തരമായി പരാതി പറഞ്ഞപ്പോഴാണ് ഡോക്ടർ പുതിയ സ്പെസിഫിക്കേഷനിലുള്ള ലെൻസോടുകൂടിയ കണ്ണട ഉപയോഗിച്ചേ മതിയാവൂ എന്ന് നിർദേശിച്ചതെന്നും കണ്ണട വാങ്ങുന്പോൾ വേണ്ടത്ര സൂക്ഷ്്മത പുലർത്താൻ കഴിയാതിരുന്നത് പിശകായെന്നും നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
അരലക്ഷം രൂപ വിലയിലുള്ള കണ്ണട സ്പീക്കർ വാങ്ങിയ സംഭവം വിവാദമായതോടെയാണ് അദ്ദേഹം വിശദീകരണവുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പുതിയ വിവാദം ഏറെ മനോവിഷമമുണ്ടാക്കുന്നതാണെന്നും മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾക്ക് പുറകെ പോകുന്നത് നല്ല പ്രവണതയല്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടുന്നു.
ഇക്കഴിഞ്ഞ പത്തു മുപ്പത്തേഴു വർഷത്തെ പൊതുപ്രവർത്തനത്തിനിടയിലൊരിക്കലും വഴിവിട്ട നീക്കങ്ങളുടെയോ, സാന്പത്തികാരോപണങ്ങളുടെയോ, ധൂർത്തിന്റെയോ പേരിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടില്ല. എന്റെ രീതികളെയും ജീവിതത്തെയും അറിയുന്നവർക്കാർക്കും അങ്ങനെയൊരു വിമർശനമുണ്ടാവുമെന്ന് ഞാൻ കരുതുന്നുമില്ല.
എന്നാൽ ഉപയോഗിക്കേണ്ടി വന്ന ഒരു കണ്ണടയുടെ പേരിൽ ഉയർന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും നർമോക്തി കലർന്ന പരിഹാസങ്ങളും അതിലുപരി ക്രൂരമായ പ്രചരണ പീഡനങ്ങളും നിർഭാഗ്യകരം എന്നേ പറയാനുള്ളൂ. എന്നാൽ എല്ലാ വിമർശനങ്ങളെയും തികച്ചും പോസിറ്റീവ് ആയി കാണുകയും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ടെന്ന ബോധ്യം ഉണ്ടാക്കിത്തന്ന മുഴുവൻ സുഹൃത്തുക്കളോടും വിമർശകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.
പക്ഷെ, നാലു പതിറ്റാണ്ടുകാലത്തെ ഒരു വ്യക്തിയുടെ പൊതു ജീവിതത്തിന്റെ അളവുകോലായി ഈ ഒരൊറ്റ സംഭവം മാത്രമെടുക്കുന്നതിലെ യുക്തിരാഹിത്യം ചർച്ച ചെയ്യപ്പെടണം. ഇതിൽ കാണിക്കുന്ന സവിശേഷ താത്പര്യം അസാധാരണമാണോ എന്നത് സമൂഹവും കാലവും വിധിയെഴുതട്ടെ. സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളിലും ഒരു പുന:പരിശോധന ആവശ്യമെങ്കിൽ ഇന്റേണൽ ഓഡിറ്റിംഗ് നടത്താനും തീരുമാനിക്കും. പക്ഷ,േ ഒപ്പം ലഭിക്കേണ്ടിയിരുന്ന പിന്തുണകൾ ലഭിക്കാതെ പോയല്ലോ എന്ന വിഷമം കൂടിയുണ്ട്”- അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.