അമിത വിശപ്പും പൊണ്ണത്തടിയും മൂലം ക്ലേശിക്കുന്ന മകളെയോര്‍ത്ത് വേദനിക്കുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസവുമായി അനേകരോടൊപ്പം പങ്കുചേര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും. പതിനാലുകാരിയായ ഗോപികയുടെ അമിത വിശപ്പാണ് സാധാരണക്കാരില്‍ സാധാരണക്കാരായ മാതാപിതാക്കളെക്കൊണ്ട് താങ്ങാനാവാതെ വന്നത്.
എന്നാല്‍ ആ മകള്‍ക്കും കുടുംബത്തിനും വേണ്ട എല്ലാ സഹായങ്ങളും സാധിക്കാവുന്നതിനപ്പുറം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് സ്പീക്കര്‍ രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസമാണ് ഒരു ചാനലിലൂടെ ഗോപികയുടെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ഇത്തരത്തില്‍ ഗോപികയുടെ ദയനീയ അവസ്ഥ അറിഞ്ഞ സ്പീക്കര്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയായിരുന്നു.
എത്ര കഴിച്ചാലും വിശപ്പടക്കാനാകാതെ കരയുന്ന മകള്‍ക്ക് മതിയായ ഭക്ഷണം നല്‍കാന്‍ പ്രാരാബ്ദക്കാരനായ പിതാവ് ബിജുവിന് സാധിച്ചിരുന്നില്ല. വിശപ്പ് സഹിക്കാനാവാതെയുള്ള ഗോപികയുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാവാത്ത അവസ്ഥയിലായിരുന്നു മാതാവ് ബിന്ദു.
ഇവരുടെ ദയനീയ അവസ്ഥ സ്പീക്കറുടെ അടുത്തെത്തിച്ചത് വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങളാണ്. ഇതോടെ ഇവരെ കുറിച്ച് അന്വേഷണം നടത്തി സഹായം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. എത്രകഴിച്ചാലും വിശപ്പ് ഗോപികയ്ക്ക് അടങ്ങില്ല.
ഇരുനൂറ് രൂപ ദിവസ വാടകയ്ക്ക് ഓടുന്ന ബിജുവിന് മകളുടെ അവസ്ഥ മാറ്റിയെടുക്കാനും കഴിയില്ല. വരുമാനത്തിന്റെ മുഴുവനും മകള്‍ക്കായി നല്‍കുമ്പോഴും പിന്നെയും ഭക്ഷണത്തിനായി അയല്‍വാസികളോട് കൈനീട്ടുകയാണ് ഈ കുടുംബം. രണ്ടാംവയസിലാണ് ഗോപികയുടെ അമിത വിശപ്പിന് തുടക്കം.
അമ്മ ബിന്ദു ആലപ്പുഴയിലെ സ്വന്തം വീടുവിറ്റ് ചികിത്സിച്ചിട്ടും, ഏറെ ഭക്ഷണം നല്‍കിയിട്ടും മകളുടെ നിലയില്‍ മാറ്റമുണ്ടായില്ല. ഇപ്പോള്‍ 115 കിലോഗ്രാം ഭാരമുണ്ട് 14കാരിയായ ഗോപികയ്ക്ക്. അമിതവിശപ്പിന് പുറമെ ഓട്ടിസത്തിന്റെ അസ്വസ്ഥതകളും ഉണ്ട് ഈ മോള്‍ക്ക്. ശരീരത്തിന്റെ പലഭാഗത്തും മുറിവുകള്‍ വന്നുതുടങ്ങി. ചൂടുകാലമാകുമ്പോള്‍ വേദന ഇരട്ടിയാകും.
കരയുന്ന മകളെ നോക്കി കണ്ണീരൊഴുക്കാന്‍ മാത്രമെ ഈ മാതാപിതാക്കള്‍ക്ക് ആകുന്നുള്ളൂ. മകളെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിനിടെ 6 വര്‍ഷം മുന്‍പ് തലച്ചോറില്‍ രക്തസ്രാവമുണ്ടായി വീണുപോയതാണ് അച്ഛന്‍ ബിജു. അപ്പോഴും മകള്‍ക്കായി അന്നം കണ്ടെത്താന്‍ ബിജു മറന്നില്ല. രോഗങ്ങളില്‍ നിന്നും മുക്തിനേടാന്‍ ശ്രമിക്കുമ്പോഴും വീടില്ലാത്തതും ഇവരുടെ അവസ്ഥയെ ഇരട്ടി ദുരിതത്തിലാക്കുന്നുണ്ട്. ഈ വേദനകള്‍ക്കാണ് സ്പീക്കര്‍ രാമകൃഷ്ണന്റെ സഹായമെത്തുന്നത്.
സഹായങ്ങള്‍ നല്‍കാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
ബിന്ദു
പഞ്ചാബ് നാഷണല്‍ ബാങ്ക് എരമംഗലം ബ്രാഞ്ച്
അക്കൗണ്ട് നമ്പര്‍: 4270001700030255
ഐഎഫ്‌സി കോഡ്: PUNB0427000
ഫോണ്‍: 9895203820