യാത്ര ചെയ്യുന്നവർക്ക് കേറിയിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഹോട്ടൽ സൗകര്യം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടിനൊക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു.
ഫോട്ടോഗ്രാഫർ അരുൺ പുനലൂരാണ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്. ബിവറേജിലും ബാറിലും ആയിരങ്ങൾ യാതൊരു സാമൂഹിക അകലവും ഇല്ലാതെ ഇടിച്ചു കയറി കുടിച്ചു പോകുന്നു.
അതേ സാമൂഹിക അകലത്തിന്റെ പേരിൽ സാധാരണക്കാരൻ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇടമില്ലാതെ റോഡിൽ അലഞ്ഞു നടക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
എവിടേലും ചെന്നിറങ്ങിയാൽ ആ പരിസരത്തു രഹസ്യമായി വാറ്റ് കിട്ടുന്നിടം തിരക്കിപ്പോകുന്ന പോലെ അൽപ്പം ഉൾപ്പേടിയോടെയാണ് ഇപ്പൊ കേറിയിരുന്നു ഭക്ഷണം കഴിക്കാൻ പറ്റുന്ന കൊച്ചു ഹോട്ടലുകൾ തപ്പി നടക്കുന്നത്…
ഇമ്മിണി മനസലിവും മാസങ്ങളായി മോശം അവസ്ഥയിൽ പോകുന്നിടത്ത് ന്തെങ്കിലും കച്ചവടം നടക്കണം എന്ന് ആഗ്രഹവുമൊക്കെ ഉള്ള അപൂർവ്വം കടക്കാർ വിഷയം പറയുമ്പോ നമ്മളെ അകത്തേക്ക് ആനയിച്ചു അവിടെ മൂലയ്ക്കെവിടെയെങ്കിലും ഇരുട്ട് വാക്കിനുള്ള ചെറിയ ക്യാബിനുകളിൽ കൊണ്ടിരുത്തി ഒച്ചയും ബഹളവുമില്ലാതെ കഴിക്കാനുള്ളത് കൊണ്ടുത്തരും..
പരിശോധനക്കാർ ആരും വരല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ടു നമ്മളും പമ്മിയിരുന്നു കഴിച്ചു കാശും കൊടുത്തു നന്ദിയും പറഞ്ഞു പോരും.. കേറി വന്നു പിടിച്ചാൽ പാവപ്പെട്ട കടക്കാരന് ആയിരങ്ങൾ പിഴയിടും..
കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ പ്രമേഹ രോഗിയായൊരു മനുഷ്യൻ പുതിയ ജോലി തിരക്കി ദൂരത്തേക്ക് പോകേണ്ടി വന്നൊരു യാത്രയിൽ ഭക്ഷണം കിട്ടാതെ തിരക്കി നടന്നു അവശനായി ശരീരം വിറച്ചു വഴിയിൽ ഇരുന്ന അനുഭവം പറഞ്ഞത് ഓർമ്മയുണ്ട്…
അപ്പോഴും ബിവറേജിലും ബാറിലും ആയിരങ്ങൾ യാതൊരു സാമൂഹിക അകലവും ഇല്ലാതെ ഇടിച്ചു കയറി കുടിച്ചു പോകുന്നു…
അതേ സാമൂഹിക അകലത്തിന്റെ പേരിൽ സാധാരണക്കാരൻ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇടമില്ലാതെ റോഡിൽ അലഞ്ഞു നടക്കുന്നു..