കൃത്യമായ തയാറെടുപ്പുകളോടെയാണ് പോലീസ് കാസർഗോഡൻ അധോലോകത്തെ ഒതുക്കാനായി ഇറങ്ങിത്തിരിച്ചത്.
ഒാപ്പറേഷനു തെരഞ്ഞെടുത്ത തീയതികൾ പോലും തന്ത്രപ്രധാനമായിരുന്നു. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലായിരുന്നു അധോലോകത്തിനെതിരേയുള്ള ഓപ്പറേഷൻ പ്ലാൻ ചെയ്തത്.
ഓപ്പറേഷനു തയാറെടുക്കുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ സന്ദേശമെത്തിയത്.
“തെരഞ്ഞെടുപ്പാണ്, ജാഗ്രത വേണം. നിയമ വിരുദ്ധമായി ഒന്നും ചെയ്യരുത്… മറുഭാഗത്തു സർവ സന്നാഹവുമായുള്ള അധോലോകവും.
‘ തെരഞ്ഞെടുപ്പ് ചൂടിൽ ഈ പോരാട്ട കഥകൾ ഒന്നും പുറം ലോകം കാര്യമായി അറിഞ്ഞതുമില്ല എന്നതാണ് സത്യം. മഞ്ചേശ്വരം, ഉപ്പള പ്രദേശങ്ങളില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്.
സംഘങ്ങൾ പലത്
കാലിയ റഫീഖ് ടീം, ബാലിഗെ അസീസ് ടീം, മിയാ റഹിം ടീം, സിയാ ഗ്രൂപ്പ് എന്നിങ്ങനെ അധോലോക സംഘങ്ങള്‍ പലതാണ് ഇവിടെ.
ഈ സംഘങ്ങളില്‍ പലതിന്റെയും ആദ്യ തലവന്മാര് ഇതിനകംതന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. പുതിയ തലവന്മാർ രംഗപ്രവേശം ചെയ്യുകയും ചെയ്യുന്നു.
അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഗ്യാംഗ് വാറുകള്‍ ഈ മേഖലയില്‍ പതിവ് സംഭവം. പോലീസ് ആദ്യ ഘട്ടത്തിലൊക്കെ ചില്ലറ നടപടികൾ സ്വീകരിച്ചെങ്കിലും സംഘങ്ങൾ വളർന്നു വേരുറപ്പിച്ചതോടെ ലോക്കൽ പോലീസിന്റെ പിടിയിൽ നിൽക്കാതായി.
വിദേശ തോക്കുകൾ അടക്കമുള്ള ആയുധങ്ങളുമായി പോരടിക്കുന്ന സംഘങ്ങൾക്ക് ഇടയിലേക്കു കടന്നുകയറാനുള്ള സാഹചര്യം ലോക്കൽ പോലീസിനും ഉണ്ടായിരുന്നില്ല.
അതോടെ അവർ പല സംഭവങ്ങളും കണ്ടില്ലെന്നു നടിച്ചു. അല്ലെങ്കിൽ പേരിനുള്ള നടപടികളിൽ ഇടപെടലുകൾ ഒതുക്കി.
ഇതിന്റെ മറവിൽ അധോലോകം കൂടുതൽ തഴച്ചു. പോലീസിനു തങ്ങളെ പേടിയാണെന്ന ധാരണ അധോലോകത്തു ശക്തമായി.
അതോടെ പകൽ വെളിച്ചത്തിലും മറയില്ലാതെയും ഏറ്റുമുട്ടലുകളും മയക്കുമരുന്ന് ഇടപാടുകളും ഭീഷണിപ്പെടുത്തലുകളുമൊക്കെ നടത്താൻ അവർ തുനിഞ്ഞു.
ഇതോടെയാണ് ജനജീവിതം കൂടുതൽ ദുഃസഹമായത്. ആരോടു പരാതി പറഞ്ഞാൽ ഈ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നു അറിയാതെ ജനം ഉഴലുന്നതിനിടയിലാണ് ജില്ലയിലെ പോലീസ് തലപ്പത്ത് നിർണായകമായൊരു മാറ്റം വരുന്നത്.
ആ സ്ഥലം മാറ്റം
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന സ്ഥലംമാറ്റത്തില്‍ കാസര്‍ഗോഡ് ഡിവൈഎസ്പിയായി കണ്ണൂരിൽനിന്നു പി.പി. സദാനന്ദന് ചുമതലയേറ്റതാണ് കാര്യങ്ങൾ മാറ്റിമറിച്ചത്.
അദ്ദേഹം ചുമതലയേറ്റെടുക്കുന്നതിനു മുന്‍പും ശേഷവും ഗ്യാംഗ് വാറുകൾ തെരുവിൽ അരങ്ങേറി.
അധോലോക സംഘങ്ങൾ തമ്മിലുള്ള നേരിട്ടുള്ള വെടിവയ്പും അരങ്ങേറി. അടിപിടിയും വെടിവയ്പും കാണുന്പോൾ ഭയന്നുപോകുന്ന നാട്ടുകാർ ആരെങ്കിലും പോലീസിൽ വിളിച്ചുപറയും…
എല്ലാം കഴിയുന്പോഴേക്കും അവർ എത്തും... അതിനു പോലീസിനും ന്യായമുണ്ട്. കാരണം അമ്പതിലേറെ വരുന്ന അധോലോക സംഘാംഗങ്ങൾ.
എല്ലാവരുടെയും കൈയില്‍ ആധുനിക പിസ്റ്റളുകൾ. മനുഷ്യത്വം തൊട്ടുതീണ്ടാതെ, ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്ക് അടിമകളായിട്ടുള്ള അധോലോക സംഘങ്ങളെ നേരിടുക അസാധ്യം തന്നെയായിരുന്നു.
(തുടരും)