കൊണ്ടോട്ടി: കോവിഡ്-19 ആശങ്കകൾക്കിടെ ഗൾഫിൽ നിന്നുള്ള മൂന്നാമത്തെ പ്രത്യേക വിമാനം ഇന്ന് രാത്രി 11.20ന് കരിപ്പൂരിലെ വിമാനത്താവളത്തിലെത്തും. ബഹറിനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം വൈകിട്ട് 4.30ന് കരിപ്പൂരെത്തും.
10 ജില്ലകളിൽ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് തിരിച്ചെത്തുന്നത്. ഇവരെ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി കളക്ടർ ജാഫർ മലിക് അറിയിച്ചു.
കോവിഡ് ജാഗ്രതാ നടപടികൾ പൂർണമായും പാലിച്ചാവും യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്റോ ബ്രിഡ്ജിൽ വച്ചുതന്നെ തെർമൽ സ്കാനിംഗിനു വിധേയരാക്കും.
തുടർന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂർത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക.
രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റും. ഗർഭിണികൾ, 10 വയസിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസിന് മുകളിൽ പ്രായമുള്ളവർ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയർ സെന്ററുകളിലേയ്ക്കുമാണ് അയക്കുക.
ഇവർക്കെല്ലാം ആരോഗ്യ വകുപ്പിന്റെ കർശനമായ നിരീക്ഷണം ഏർപ്പെടുത്തും.