എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആർക്കും കഴിയില്ല. ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും സങ്കടങ്ങളും കാണും. ഒരിക്കലെങ്കിലും വിഷാദത്തിലൂടെ കടന്നുപോകാത്തവർ വളരെ കുറവായിരിക്കും.
എന്താണ് സംഭവിക്കുന്നതെന്നോ എന്തിനാണ് വിഷമിക്കുന്നതെന്നോ മനസിലാക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാവാം ചിലർക്ക്. ഇങ്ങനെയുള്ള സമയത്ത് ഏകാന്തമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് അധികവും. അത്തരത്തിലുള്ളവർക്ക് പോയിരിക്കാൻ ജപ്പാനിൽ ഒരു കഫേ ഉണ്ട്.
അതേ കേട്ടത് ശരിയാണ്. ജപ്പാനിലെ ടോക്കിയോയിലെ ഷിമോകിറ്റാസാവയിലാണ് ഈ കഫേ. വിഷമത്തിലും സങ്കടത്തിലും ഇരിക്കുന്നവർക്ക് സ്വസ്ഥമായി ഇരിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്. മോറി ഓച്ചി എന്നാണ് ഈ വ്യത്യസ്തമായ കഫെയുടെ പേര്.
ഇവിടെ എത്തുന്നവരെ അവരുടെ അവസ്ഥയോ പ്രശ്നങ്ങളോ ചോദിച്ച് ബുദ്ധിമുട്ടിക്കുവാനായി ആരും കാണില്ല. അവരെ മോശക്കാരായി കാണുകയും ഇല്ല. നിരാശയായി തകർന്നിരിക്കുന്നവർക്കായി ഈ കഫേയുടെ വാതിൽ എപ്പോഴും തുറന്നിരിക്കുന്നതാണ്.
ഈ കഫേയുടെ ഉടമയും ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളതാണ്. ഇതിനെ തുടർന്നാണ് ഈ കഫേ ആരംഭിക്കുന്നത്. വിഷാദമുള്ള മനുഷ്യർ മറ്റുള്ളവരെക്കാൾ ദുർബലരായിരിക്കും. എളുപ്പത്തിൽ വേദനിക്കുന്നവരുമായിരിക്കും. അങ്ങനെ ഉള്ളവർക്ക് ഒരു സുരക്ഷിതമായ സ്ഥലം വേണം എന്ന തോന്നലാണ് ഈ കഫെയുടെ പിറവിക്ക് കാരണമായത് എന്ന് ഉടമ പറയുന്നു.