പരവൂർ: അന്തരിച്ച അനശ്വര സംഗീത സംവിധായകൻ പരവൂർ.ജി.ദേവരാജൻ മാസ്റ്ററുടെ സ്മരണാർഥം തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പോസ്റ്റൽ സർവീസസ് കേരള ഡയറക്ടർ സയീദ് റഷീദ് കവറിന്റെ പ്രകാശനം നിർവഹിച്ചു.
തിരുവനന്തപുരത്തെ ജി.ദേവരാജൻ മെമ്മോറിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി സതീഷ് രാമചന്ദ്രൻ കവർ ഏറ്റുവാങ്ങി.
കവറിന്റെ പുറംചട്ടയിൽ സംഗീത കുലപതി ജി.ദേവരാജന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അന്തരിച്ച പ്രശ്തത ഗായകൻ കിഷോർ കുമാറിന്റെ ചിത്രമുള്ള അഞ്ചുരൂപയുടെ സ്റ്റാന്പ് കൂടി പതിപ്പിച്ച കവറിന് 20 രൂപയാണ് വില.
കവറിന്റെ പുറകുവശത്ത് ദേവരാജൻ മാസ്റ്ററെ കുറിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ലഘുവിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആയിരം കവറുകളാണ് ഇന്ത്യ പോസ്റ്റ് അഭിമാനപൂർവം പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും പ്രകാശന ചടങ്ങിൽ വിറ്റഴിഞ്ഞു. ഏതാനും കവറുകൾ കൊല്ലത്ത് 30,31 തീയതികളിൽ നടക്കുന്ന സ്റ്റാന്പ് എക്സിബിഷനിൽ പ്രദർശനത്തിന് വയ്ക്കും.