കോഴിക്കോട്: സാധാരണക്കാരന്റെ കീശകാലിയാക്കി വിലക്കയറ്റം. പെട്രോള്‍ , ഡീസല്‍ വിലവര്‍ധനവ് ഒരുഭാഗത്ത്, മറുഭാഗത്താകട്ടെ ചാര്‍ജ് വര്‍ധനയുള്‍പ്പെടെ ആവശ്യപ്പെട്ട് ബസുടമകളും ഓട്ടോ തൊഴിലാളികളും സമരരംഗത്തേക്കും. കോഴിയിറച്ചിവിലയാകട്ടെ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ കുതിച്ചുകയറുന്നു.ഒരു ഏകീകരണവുമില്ലാതെയാണ് വില്ക്കയറ്റം.210 മുതല്‍ 240 രൂപവരെ കിലോ കോഴിയിറച്ചിക്ക് ഈടാക്കുന്നു. വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
മണ്ഡലകാലം വരെ കോഴിയിറച്ചിവില 200ല്‍ കുറയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓഗസ്റ്റിലെ പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ ഒട്ടേറെ കോഴി ഫാമുകള്‍ നശിച്ചിരുന്നു. 500 കോടിക്കു മുകളില്‍ മേഖലയില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പൗള്‍ട്രി ഫൗണ്ടേഷന്റെ കണക്ക്.
കൂടാതെ ഒക്ടോബര്‍ നവംബര്‍ മാസം വിവാഹ സീസണായതും കോഴിയിറച്ചിയുടെ വില വര്‍ധിക്കാന്‍ കാരണമായെന്നു വ്യാപാരികള്‍ പറഞ്ഞു. ഇനിയും വില കൂടുകയാണെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്കും വിലവര്‍ധിക്കും. നിലവിലെ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കേണ്ടെന്നാണ് തീരുമാനം.
ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ അടിക്കടിയുള്ള വിലക്കയറ്റം ആരും ചര്‍ച്ചചെയ്യാത്തതും സാധാരണക്കാരനെ വിഷമവൃത്തത്തിലാക്കുന്നു. നവംബര്‍ 15ന് സ്വകാര്യ ബസുകള്‍ സൂചനാപണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മിനിമംചാര്‍ജ് 10 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും സമ്മര്‍ദ്ദം ശക്തമാക്കാന്‍ തന്നെയാണ് ബസ് ഉടമകളുടെ തീരുമാനം. സ്വകാര്യ ബസുകളുടെ പാത പിന്തുടര്ന്ന് സംസ്ഥാനത്തെ ഓട്ടോ-ടാക്സികളും പണിമുടക്കിന് തയാറെടുക്കുകയാണ്. മിനിമം ചാര്‍ജ് വര്‍ധന തന്നെയാണ് ഇവരുടെയും ആവശ്യം.
സമസ്ത മേഖലകളിലും പ്രതിസന്ധി രൂക്ഷമായതോടെ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരേ പ്രചരണം ശക്തമാണ്. “ശബരിമലവിഷയത്തിനിടെ ഇതെല്ലാം ശ്രദ്ധിക്ക’ൂ എന്ന മട്ടിലാണ് പ്രചാരണം പൊടിപൊടിക്കുന്നത്.