അബുദാബി: 15-ാമത് സ്പെഷല്‍ ഒളിമ്പിക്സിന് ഇന്ന് അബുദാബിയില്‍ മിഴിതുറക്കും. 192 രാജ്യങ്ങളില്‍നിന്നായി 7,500 കായിക പ്രതിഭകള്‍ ആറുദിനം നീളുന്ന പോരാട്ടത്തില്‍ മാറ്റുരയ്ക്കും. 21നാണ് മീറ്റിന് കൊടിയിറങ്ങുക. ഉദ്ഘാടന ദിനമായ ഇന്ന് മത്സരങ്ങളില്ല.
ഭിന്നശേഷിക്കാര്‍ക്കായി തുടങ്ങിയ കായിക വിനോദത്തിന്റെ 50-ാം വാര്‍ഷികത്തിലാണ് ഇത്തവണത്തെ സ്പെഷല്‍ ഒളിമ്പിക്സ്. 280 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്, കേരളത്തില്‍നിന്ന് മൂന്ന് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഉള്‍പ്പെടെ 26 അംഗങ്ങളും.
1980ലാണ് ഇന്ത്യയില്‍ സ്പെഷല്‍ ഒളിമ്പിക് ഭാരത് എന്ന പേരില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള കായിക സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേന്ദ്ര കായിക യുവജന ക്ഷേമമന്ത്രാലയത്തിനു കീഴിലാണിത്.
സ്പെഷല്‍ ഒളിമ്പിക്സ് ഭാരത് കേരള എന്ന പേരിലാണ് കേരളത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം. ഇതിന്റെ കേരള ഡയറക്ടര്‍ ഫാ. റോയ് കണ്ണഞ്ചിറയാണ്. ഡോ. എം.കെ. ജയരാജ് ചെയര്‍മാനും സിസ്റ്റര്‍ റാണി ജൊ പ്രോഗ്രാം മാനേജറുമാണ്.