നിശ്ചയദാർഢ്യമുള്ളവർ – ഭിന്നശേഷിയുള്ള വ്യക്തികളെ അഭിസംബോധന ചെയ്യുവാനായി യുഎഇ ലോകത്തിനു സമ്മാനിച്ച വാക്കാണിത്. ഈ സ്പെഷൽ ഒളിന്പിക്സിനെ പോലും വിശേഷിപ്പിച്ചിരിക്കുന്നത് ‘നിശ്ചയദാർഢ്യമുള്ളവരെ കാണൂ’ എന്നാണ്. അതെ ഈ മേള പരിമിതികളെ അതിജീവിക്കുന്ന നിശ്ചയദാർഢ്യത്തിന്റെ വിജയം കാണാൻ ലോകത്തെ ക്ഷണിക്കുന്നു. അബുദാബിയിലെ പ്രധാനവേദിയായ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസിന്റെ തിരി തെളിഞ്ഞു.
യുഎഇയുടെ സാംസ്കാരിക തനിമ വ്യക്തമാക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങിലെ പരിപാടികൾ. സ്പെഷൽ ഒളിന്പിക് സ്ഥാപകയായ യുനിസ് കെന്നഡി ഷ്റിവറിന്റെ മകൻ തിമോത്തി ഷിവർ ഉദ്ഘാടന ചടങ്ങിൽ ലോകത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അബുദാബിയിലെ എട്ട് വേദികളിലും ദുബായിലെ രണ്ട് വേദികളിലും ആയി നാളെ മുതൽ 21നുവരെ മത്സരങ്ങൾ അരങ്ങേറും. 24 ഇനങ്ങളിലായാണ് മത്സരങ്ങൾ.
മാർച്ച് നാലാം തീയതി യുഎഇയിലെ ഫുജൈറയിൽ ആരംഭിച്ച ദീപശിഖയുടെ അവസാനഘട്ട പ്രയാണം അബുദാബിയിൽ 13ന് എത്തി. 195 രാജ്യങ്ങളിൽനിന്നായി ഏഴായിരത്തോളം അത്ലറ്റുകൾ, നാലായിരത്തിൽപരം കോച്ചുകൾ, മൂവായിരത്തോളം വിശേഷ അതിഥികൾ, നാലായിരത്തോളം കുടുംബങ്ങൾ; ഇതുകൂടാതെ ഇരുപതിനായിരത്തോളം വോളണ്ടിയർമാരും സ്പെഷൽ ഒളിന്പിക്സിനായി ഒത്തുകൂടുന്നു.
മേളയുടെ ആഘോഷങ്ങൾ മാർച്ച് എട്ടിന് തന്നെ തുടങ്ങിയിരുന്നു. എട്ടു മുതൽ 11 വരെ സംഘടിപ്പിക്കപ്പെട്ട ഹോം ടൗണ് പ്രോഗ്രാം എന്ന സ്വീകരണ പരിപാടിയിലൂടെ ലോകമെങ്ങുംനിന്ന് ഒളിന്പിക്സിൽ പങ്കെടുക്കാനെത്തിയ അതിഥികളെല്ലാം യുഎഇയുടെ ആതിഥേയത്വം അനുഭവിച്ചറിഞ്ഞു.
12, 13 തീയതികളിലായി അത്ലറ്റുകളുടെ നിലവാരമനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിക്കുന്ന പ്രക്രിയ നടത്തി. 15 മുതൽ 21 വരെ പരിമിതികളെ നിശ്ചയദാർഢ്യത്തോടെ വിശേഷ വ്യക്തികൾ അതിജീവിക്കുന്നത് ലോകം കാണും.
സ്പെഷൽ ഒളിംപിക്സ് ഭാരത് എന്ന പേരിലാണ് ഇന്ത്യ മേളയിൽ പങ്കെടുക്കുന്നത്. 17 ഇനങ്ങളിലായി 292 പേരാണ് മേളയിൽ മാറ്റുരയ്ക്കുക. അതിൽ കേരളത്തിൽ നിന്ന് 29 പേർ, രണ്ടു പരിശീലകരും ഒരു ടീം മാനേജരും ഉൾപ്പെടെ. സുവർണ പ്രതീക്ഷയോടെ കേരള താരങ്ങൾ 13 ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
– അബുദാബിയിൽനിന്ന് ബ്രഹ്മനായകം മഹാദേവൻ