സ്പെഷൽ ഒളിന്പിക്സിൽ ഇന്ത്യക്കായി ആര്യയുടെ ഇരട്ട വെള്ളിത്തിളക്കം. 200 മീറ്ററിൽ കഴിഞ്ഞ ദിവസം വെള്ളി നേടിയ എ. ആര്യ ഇന്നലെ ഇന്ത്യക്കായി 100 മീറ്ററിലും വെള്ളി കരസ്ഥമാക്കി. രണ്ട് മെഡൽകൂടി മലയാളി താരങ്ങൾ ഇന്ത്യൻ അക്കൗണ്ടിലെത്തിച്ചു. ആര്യക്കു പിന്നാലെ അപ്ലോണിയ സൈക്ലിംഗിൽ വെങ്കലം നേടി.
ശാസ്താംകോട്ട മനോവികാസ് കേന്ദ്രത്തിലെ വിദ്യാർഥിനിയാണ് എ. ആര്യ. 100 മീറ്ററിൽ നേരിയ വ്യത്യാസത്തിലാണ് ആര്യക്ക് സ്വർണം നഷ്ടപ്പെട്ടത്. 17.95 സെക്കൻഡിലാണ് ആര്യ 100 മീറ്റർ ഫിനിഷ് ചെയ്തത്. പതിനേഴുകാരിയായ ആര്യ ശക്തമായ പോരാട്ടത്തിനൊടുവിലാണ് വെള്ളിയണിഞ്ഞത്.
ഒളിന്പിക്സിൽ കേരളത്തിലേക്ക് എത്തുന്ന ആദ്യ സ്വർണം എന്ന നേട്ടം ആര്യക്ക് മൈക്രോ സെക്കൻഡിൽ നഷ്ടപ്പെട്ടു. എങ്കിലും ഇരട്ട വെള്ളിയുമായി ആര്യ മലയാളക്കരയുടെ അഭിമാനമായി. ഇന്ത്യയുടെ അമൂല്യക്കാണ് ഈയിനത്തിൽ വെങ്കലം. 500 മീറ്റർ സൈക്ലിംഗിൽ കോട്ടയം അനുഗ്രഹ സ്പെഷൽ സ്കൂളിലെ അപ്ലോണിയയ്ക്ക് വെങ്കലം ലഭിച്ചു.
മെഡൽ വേട്ടയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 50 സ്വർണവും 63 വെള്ളിയും 75 വെങ്കലവും ഉൾപ്പെടെ 188 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ ഇതുവരെ സ്വന്തമാക്കിയത്. റഷ്യയാണ് മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
-അബുദാബിയിൽനിന്ന് ബ്രഹ്മനായകം മഹാദേവൻ