ഗാന്ധിനഗർ: അവയവദാന ശസ്ത്രക്രിയക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രത്യേക തിയറ്റർ സജ്ജീകരിക്കുന്നു.
സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളജുകളിൽ ആദ്യമായിട്ടാണു അവയവദാന ശസ്ത്രക്രിയക്കായി പൂർണമായും ഓട്ടോമാറ്റിക് സംവിധാനമുള്ള മോഡുലേറ്റർ തിയറ്റർ സജ്ജീകരിക്കുന്നത്.
അവയവം നൽകുന്ന വ്യക്തിക്കും സ്വീകരിക്കുന്നയാൾക്കും ഒരേ സമയം ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള സംവിധാനമാണ് മോഡുലേറ്റ് തിയറ്റർ. കൂടാതെ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് അടിയന്തിരമായി ഡയാലിസിസ് വേണ്ടി വന്നാൽ അതിനായി രണ്ടു കിടക്കകൾ ഉള്ള തീവ്ര പരിചരണ വിഭാഗവുമുണ്ട്.
നാളിതുവരെ വൃക്കരോഗികളെ ശസ്ത്രക്രിയ കഴിഞ്ഞു കിടത്താൻ ആവശ്യമായ കിടക്കകളുള്ള തീവ്ര പരിചരണ വിഭാഗം മെഡിക്കൽ കോളജിൽ ഇല്ലായിരുന്നു. ഇതിന് പരിഹാരമായി ശസ്ത്രക്രിയ കഴിഞ്ഞവരെ കിടത്തുന്നതിനായി രണ്ട് തീവ്ര പരിചരണ വിഭാഗത്തിന്റെ നിർമാണ പ്രവർത്തനവും പൂർത്തീകരിച്ചു വരികയാണ്.
മോഡുലേറ്റർ തിയറ്ററിന്റെയും തീവ്ര പരിചരവിഭാഗങ്ങളുടേയും നിർമാണം പൂർത്തികരിച്ച് പ്രവർത്ത സജ്ജമായാൽ കേരളത്തിലെ ഏറ്റവും അത്യാധുനിക ചികിത്സ സംവിധാനം ഉപയോഗിച്ച് കൂടുതൽ വേഗത്തിൽ ഏറ്റവും കൂടുതൽ രോഗികൾക്ക് ചികിത്സ നൽകുന്ന മികച്ച ആതുരാലയമായി കോട്ടയം മെഡിക്കൽ കോളജ് മാറും.