ചെന്നൈ: അച്ഛന്റെ ദീര്‍ഘായുസ്സിനായി അദ്ദേഹത്തിന്റെ 80-ാം പിറന്നാള്‍ ദിനത്തില്‍ മൂര്‍ഖന്‍ പാമ്പിനെ വച്ച് പൂജ നടത്തിയ മകന്‍ പിടിയില്‍. കടലൂര്‍ ദുരൈസ്വാമി നഗറിലെ ക്ഷേത്രത്തിലെ പൂജാരി എസ്. സുന്ദരേശനാണ്(45) സര്‍പ്പപൂജ നടത്തിയത്.
പൂജയുടെ ദൃശ്യങ്ങള്‍ വാട്സാപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പൂജാരിയെ കുടുക്കിയത്. പത്തി വിടര്‍ത്തിയാടുന്ന മൂര്‍ഖന്റെ മുന്നിലായിരുന്നു പൂജ. ചടങ്ങിനിടെ പല തവണ പാമ്പ് പൂജാരിയെ കൊത്താന്‍ ആയുന്നതും ഈ സമയം മകുടിയുമായി പാമ്പാട്ടി എത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൂജയ്ക്കിടെ ഇയാള്‍ പാമ്പിനെ എടുത്ത് കഴുത്തിലണിയുകയും ചെയ്തു. പൂജയില്‍ പങ്കെടുക്കാനായി എത്തി ഒരാളാണ് വെറൈറ്റി പൂജ മൊബൈലില്‍ പകര്‍ത്തിയത്. തുടര്‍ന്ന് 13 മിനിറ്റുള്ള വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുകയായിരുന്നു.
വിഷപ്പല്ല് നീക്കം ചെയ്തതിനു ശേഷമാണ് പാമ്പിനെ പൂജയ്ക്കായി കൊണ്ടുവന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ചെന്നൈയിലെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ശരവണകൃഷ്ണനാണ് പരാതിയുമായി വനംവകുപ്പിനെ സമീപിച്ചത്.
തുടര്‍ന്ന് കടലൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ഇ. രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുന്ദരേശനെ പിടികൂടി. പൂജാരിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പാമ്പാട്ടി ഒളിവിലാണ്.