മുക്കം: സംസ്ഥാന സ്പെഷല്‍ ഒളിംപിക്സ് അസോസിയേഷന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്പെഷല്‍ സ്കൂള്‍ ഒളിമ്പിക്സില്‍ 23 മെഡലുകള്‍ വാരിക്കൂട്ടി മുക്കം മാമ്പറ്റ പ്രതീക്ഷ സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍. തിരുവനന്തപുരത്ത് കഴിഞ്ഞ നാലു ദിവസങ്ങളിലായി നടത്തിയ കായിക മാമാങ്കത്തിലാണ് കൈനിറയെ സമ്മാനങ്ങളുമായി മുക്കത്തുകാരുടെ മടക്കം.
ഇല്ലായ്മകള്‍ക്കിടയിലും പ്രതീക്ഷ സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ വലിയൊരു സ്വപ്നമായിരുന്നു ഏഷ്യന്‍ ഗെയിംസിന് വേദിയായ തിരുവനന്തപുരത്തെ ലക്ഷ്മി ബായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എല്‍ എന്‍സിപിഇ) അന്താഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന സ്പെഷല്‍ ഒളിംപിക്സില്‍ ഒരു മെഡല്‍ നേടുക എന്നത്. എന്നാല്‍ കാര്യക്ഷമമായ പരിശീലന സംവിധാനങ്ങളോ ഉപകരണങ്ങളോ ഇല്ലാതെ സംസ്ഥാന സ്പെഷല്‍ സ്കൂള്‍ ഒളിമ്പിക്സില്‍ ഒരു മെഡല്‍ നേടുകയെന്ന സ്വപ്നം എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന ആശങ്ക തങ്ങള്‍ക്ക് ഉണ്ടായിരുന്നതായി അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ യാതൊരുവിധ ആധുനിക പരിശീലന സൗകര്യങ്ങളുമില്ലാതെ സ്കൂളിലെ അധ്യാപകരുടേയും മാനേജ്മെന്റിന്റെയും മനക്കരുത്തില്‍ മാത്രം തിരുവനന്തപുരത്ത് മത്സരിക്കാനിറങ്ങിയ പ്രതീക്ഷ സ്കൂളിലെ വിദ്യാര്‍ഥികള്‍ നേടിയത് നാല് സ്വര്‍ണവും മൂന്ന് വെള്ളിയും 16 വെങ്കലവുമാണ്. ട്രാക്ക് സ്യൂട്ട് പോലും വാങ്ങാന്‍ നിവൃത്തിയില്ലാത്ത തങ്ങള്‍ അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്കില്‍ കൊയ്തെടുത്ത മെഡലുകള്‍ അധികാരികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍ പതിയുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.
അമല്‍ നേടിയ 50 മീറ്ററിലെ സ്വര്ണ്ണത്തോടെയായിരുന്നു മെഡല്‍ വേട്ടയ്ക്ക് തുടക്കം. ഷംസീര്‍ , സി.കെ ജസീല, അരുണ്‍ , സി.കെ ഹസീന, ആദര്‍ശ്, മുഹമ്മദ് ഹാരിസ്, വൈഷ്ണവ്, ആല്ബിന് വിന്‍സന്റ്, ഇ. വിപിന്‍, പി. ജസീല, വിഷ്ണു, ബാസിത്, ജോണ്‍ ഫിലിപ്പ്, ഷംന എന്നിവരാണ് മെഡല്‍ നേടിയ മറ്റു വിദ്യാര്‍ഥികള്‍ .
പരിമിതമായ സാഹചര്യങ്ങളിലും മാസങ്ങളോളം നീണ്ടു നിന്ന ചിട്ടയായ പരിശീലനത്തിലൂടെ തങ്ങളെ ഒരുക്കിയെടുത്ത അധ്യാപകരാണ് ഈ വിജയത്തിനു പിന്നിലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീബയുടെ നേതൃത്വത്തില്‍ അധ്യാപകരായ കെ. പ്രമീള, ജസ്ന, കെ.സി. ഉഷ, പുഷ്പവല്ലി, ഷാബു, ഷോബിത എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.