മൂന്നര പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹ സേവനങ്ങള്‍ക്കുള്ള നന്ദി! പോസ്റ്റ്മാന് വ്യത്യസ്തവും അതിഗംഭീരവുമായ യാത്രയയപ്പ് നല്‍കി നാട്ടുകാര്‍

സമൂഹത്തിനുവേണ്ടി പരിപൂര്‍ണ ആത്മാര്‍ത്ഥതയോടെ സേവനം ചെയ്യുന്നവര്‍ക്ക്, തിരിച്ച് സമൂഹവും അതേ സ്‌നേഹവും ആദരവും നല്‍കുമെന്നതിന് തെളിവാകുന്ന ഒരു സംഭവമാണ് അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നിന്ന് പുറത്തു വരുന്നത്.

35 വര്‍ഷം പോസ്റ്റ്മാനായി ജോലി ചെയ്ത ഫ്‌ലോയിഡ് മാര്‍ട്ടിന്‍ എന്ന വ്യക്തിയുടെ വിരമിക്കല്‍ ദിനമാണ് അദ്ദേഹത്തിന്റെ സേവനം സ്വീകരിച്ചിട്ടുള്ള നാട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തിന് വ്യത്യസ്തമായ ആദരം അര്‍പ്പിച്ചത്. മുപ്പത്തഞ്ച് വര്‍ഷം ആ നാട്ടിലൂടെ ഓടിനടന്ന് തങ്ങള്‍ക്ക് വന്നിരുന്ന എഴുത്തുകളും കത്തുകളും വിതരണം ചെയ്തിരുന്ന മാര്‍ട്ടിന് തന്റെ ഔദ്യോദിക ജീവിതത്തിലെ അവസാന പ്രവര്‍ത്തി ദിനം നാട്ടുകാര്‍ ചേര്‍ന്ന് സര്‍പ്രൈസ് ഒരുക്കുകയായിരുന്നു.

അവസാന പ്രവര്‍ത്തി ദിനം, മാര്‍ട്ടിന്‍ തന്റെ ട്രക്കുമായി എത്തിയ ഇടങ്ങളിലെല്ലാം ആളുകള്‍ സമ്മാനങ്ങളുമായി കാത്തു നിന്നു. അദ്ദേഹത്തെ ആശ്ലേഷിച്ച് അഭിനന്ദിക്കുകയും നന്ദി പറയുകയും അദ്ദേഹത്തോടൊപ്പം ഫോട്ടോകളും സെല്‍ഫികളും പകര്‍ത്തുകയും ചെയ്തു. മാര്‍ട്ടിനോടുള്ള ആദര സൂചകമായി തങ്ങളുടെ വീടുകളുടെ മുമ്പിലുള്ള ലെറ്റര്‍ ബോക്‌സുകളും എല്ലാവരും മനോഹരമായി അലങ്കരിച്ചിരുന്നു. അടുത്ത ശീതകാലത്തെ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് തങ്ങളുടെ വിശിഷ്ടാതിഥിയായി എത്തണമെന്നും നാട്ടുകാര്‍ മാര്‍ട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

300 ലധികം ആളുകളാണ് വഴിയോരങ്ങളിലുടനീളം മാര്‍ട്ടിന് യാത്രയയപ്പ് നല്‍കാന്‍ തടിച്ചുകൂടിയത്. ധാരാളം ഭക്ഷ്യവിഭവങ്ങളും അദ്ദേഹത്തിനായി നാട്ടുകാര്‍ ഒരുക്കിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്ക് മറ്റ് ജോലികളിലേക്ക് തിരിയാന്‍ ധാരാളം അവസരങ്ങള്‍ വന്നിട്ടും മാര്‍ട്ടിന്‍ ഈ ജോലി ഉപേക്ഷിക്കാന്‍ തയാറായില്ല. മനുഷ്യസ്‌നേഹി മാത്രമല്ല തികഞ്ഞ മൃഗസ്‌നേഹി കൂടിയായിരുന്നു അറുപത്തൊന്നുകാരനായ മാര്‍ട്ടിനെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ട്രക്കുമായി വരുന്ന സമയങ്ങളില്‍ വഴിയില്‍ കാണുന്ന പൂച്ചകള്‍ക്കും നായകള്‍ക്കും കൊടുക്കുന്നതായി എന്തെങ്കിലുമൊക്കെ അദ്ദേഹം കൂട്ടത്തില്‍ കരുതുകയും ചെയ്തിരുന്നെന്നും അവര്‍ പറയുന്നു.

‘ഒരിക്കല്‍ എനിക്ക് ജോലി നിര്‍ത്തി പോവുക തന്നെ വേണം. എന്നാല്‍ ഇവരെയെല്ലാം വിട്ടു പിരിയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. കാരണം ഞങ്ങള്‍ പരസ്പരം അത്രമേല്‍ സ്‌നേഹിക്കുന്നു’. നാട്ടുകാര്‍ക്കുള്ള അവസാന സന്ദേശമായി മാര്‍ട്ടിനും പറഞ്ഞു.

Related posts