മഴവിൽ നിറമുള്ള സ്വപ്നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും.
ചെറുകാറ്റിൽ പൊലിഞ്ഞുപോകുന്ന കുമിളകളെപ്പോലെ ചെറിയ അസ്വാരസ്യങ്ങളും അസ്വസ്ഥതകളും കുടുംബജീവിതത്തെ അലോസരപ്പെടുത്തുന്നു. മധുവിധു മധുരം തീരും മുന്പേ വിവാഹമോചനത്തിന് അപേക്ഷിക്കാൻ പോലും പലർക്കും മടിയില്ലാതായി.
മക്കളുടെ ജീവിതത്തിലേക്കു പ്രശ്നങ്ങളുടെ കൂന്പാരവുമായി കടന്നുകയറുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. പരസ്പര വിശ്വാസം, വിട്ടുവീഴ്ച, ആത്മാർഥത, സ്നേഹം, കരുതൽ, സംരക്ഷണം തുടങ്ങിയവയെല്ലാം ദാന്പത്യജീവിതം സുഖകരമായി മുന്നോട്ടു കൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്.
വിവാഹബന്ധത്തിൽ സ്ത്രീധനം പലപ്പോഴും വില്ലനാകാറുണ്ട്. “സ്ത്രീധനം ചോദിക്കുന്ന പുരുഷൻ തന്റെ വിദ്യാഭ്യാസത്തെയും രാജ്യത്തെയും സ്ത്രീത്വത്തെയുമാണ് അപമാനിക്കുന്നത് ‘- എന്നാണു ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എങ്കിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം സ്ത്രീധന സന്പ്രദായം ഇന്നും തുടരുന്നു. വിവാഹ സമയത്ത് ഒന്നും ചോദിക്കാത്ത ചില മാന്യൻമാർ വിവാഹശേഷം കണക്കു പറഞ്ഞു സ്ത്രീധനം ചോദിച്ചു ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന കേസുകൾ കുടുംബ കോടതിയിൽ എത്താറുണ്ട്.
ഗാർഹിക പീഡനകേസുകളിൽ പലപ്പോഴും സ്ത്രീധന പീഡനങ്ങളും എത്തുന്നുണ്ട്. “താലികെട്ടിയ ആൾ’, “കുഞ്ഞിന്റെ അച്ഛൻ’ തുടങ്ങിയ പരിഗണനകൾ നൽകി പല സ്ത്രീകളും ഇത്തരം പീഡനങ്ങൾക്കു മുന്നിൽ മൗനം പാലിക്കുന്നുവെന്നതാണു വസ്തുത. അതുകൊണ്ടു തന്നെ സ്ത്രീധന പീഡനകേസുകൾ മിക്കപ്പോഴും നിയമത്തിനു മുന്നിൽ എത്തുന്നില്ല. ഉയർന്ന ജോലി, സാന്പത്തികം, വിദ്യാഭ്യാസം, സൗന്ദര്യം ഇവയെല്ലാം സ്ത്രീധനത്തിനുള്ള മാനദണ്ഡങ്ങളാണ്.
സ്ത്രീധന പീഡനം പലപ്പോഴും മരണത്തിലാണു കലാശിക്കുന്നത്. ഇത്തരത്തിലുള്ള സംഭവത്തിലെ ഒടുവിലെ ഇരയാണു കൊല്ലം ഓയൂരിലെ തുഷാര. പട്ടിണിക്കിട്ടായിരുന്നു അവരെ കൊന്നത്. ഒപ്പം ദുർമന്ത്രവാദവും.
പ്രതികൾക്കെതിരേ കൊലക്കുറ്റം
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ-വിജയലക്ഷ്മി ദന്പതികളുടെ മകൾ തുഷാര(27) യെയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് പട്ടിണിക്കിട്ട് കൊന്നത്. മാർച്ച് 21-നായിരുന്നു തുഷാര മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ ചന്തുലാൽ(30), ഭർതൃമാതാവ് ഗീതാലാൽ(55) എന്നിവർക്കെതിരേ കൊലക്കുറ്റം ചുമത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതോടെയാണ് ഇവർക്കെതിരേ 302-ാം വകുപ്പനുസരിച്ചു കുറ്റം ചുമത്തിയത്. അന്യായമായ തടങ്കൽ, സ്ത്രീധനപീഡന മരണം(344, 304 ബി) എന്നീ വകുപ്പുകൾ പ്രകാരം നേരത്തെ കേസെടുത്തിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സ്ത്രീധന പീഡനവും ദുർമന്ത്രവാദവും
മാതാപിതാക്കളിൽനിന്നു സ്ത്രീധനത്തുക ഈടാക്കാൻ വേണ്ടിയായിരുന്നു യുവതിയെ പട്ടിണിക്കിട്ടതും ദുർമന്ത്രവാദം നടത്തിയതും. 2013-ലാണു തുഷാരയും ചന്തുലാലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹസമയത്ത് 20 പവന്റെ ആഭരണങ്ങൾ നൽകിയിരുന്നു. എന്നാൽ വാഗ്ദാനം ചെയ്തിരുന്ന രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു വിവാഹശേഷം മർദനം പതിവായിരുന്നു. പട്ടിണികിടന്നു തളർന്നു വീഴുന്പോൾ തുഷാരയ്ക്ക് പഞ്ചസാര വെള്ളവും കുതിർത്ത അരിയും നൽകും.
ചന്തുലാലിന്റെ വീടിനു ചുറ്റും കന്പിവേലി കെട്ടിയിരുന്നു. പരിസരം തകര ഷീറ്റുകൊണ്ട് മറച്ചിരുന്നു. പണിക്കായി വീടു പൊളിച്ചിട്ടിരുന്നതിനാൽ തകര ഷെഡിലായിരുന്നു വീട്ടുകാർ താമസിച്ചിരുന്നത്. വീടിന്റെ കവാടത്തോടു ചേർന്ന് അടച്ചിട്ടിരുന്ന പൂജാമുറിയിൽ തുഷാരയെ പലപ്പോഴും മന്ത്രവാദത്തിനായി ഇരുത്തിയിരുന്നു. തുഷാരയുടെ ശരീരത്തിൽ പരേതാത്മാക്കളുണ്ടെന്നും ഭർതൃവീട്ടുകാർ വരുത്തിത്തീർത്തു.
പ്രാക്കുളം കാഞ്ഞാവെളിയിലായിരുന്നു ചന്തുലാലും കുടുംബവും ആദ്യം താമസിച്ചിരുന്നത്. ദുർമന്ത്രവാദം പതിവായതോടെ നാട്ടുകാർ ഇടപെട്ടു. അങ്ങനെയാണു വീടുവിറ്റു ചെങ്കുളം പറണ്ടോട്ടേക്കു താമസം മാറ്റിയത്. വീടിനു മുന്നിലായി സ്ഥാപിച്ചിട്ടുള്ള ക്ഷേത്രത്തിൽ ഗീതാലാൽ ദുർമന്ത്രവാദവും പ്രശ്നം വയ്ക്കലും നടത്തിയിരുന്നു.
വീട്ടുകാരെ ഒഴിവാക്കി
തുഷാരയ്ക്ക് സ്വന്തം വീട്ടിലേക്കു പോകാനോ വീട്ടുകാരുമായി ഫോണിൽ സംസാരിക്കാനോ അനുവാദമില്ലായിരുന്നു. ആറു വർഷത്തിനിടെ അവർ സ്വന്തം വീട്ടിൽ പോയതു മൂന്നുതവണ മാത്രമാണ്. ബന്ധുക്കൾ എത്തിയാലും തുഷാരയെ കാണിക്കാൻ ചന്തുലാൽ അനുവദിച്ചില്ല. ആരെങ്കിലും എത്തിയാൽ തുഷാരയെ മർദിക്കുമായിരുന്നു. രണ്ടാമത്തെ കുഞ്ഞു ജനിച്ചപ്പോൾ തുഷാരയുടെ വീട്ടുകാർ കുഞ്ഞിനെ കാണാൻ എത്തിയെങ്കിലും അനുവദിച്ചില്ല. തുടർന്നു പോലീസ് സഹായത്തോടെയാണു കുഞ്ഞിനെ കണ്ടത്. ഇനി ആരും തന്നെകാണാൻ വരേണ്ടെന്നും തനിക്ക് ഒരു കുഴപ്പവുമില്ലെന്നും തുഷാര അറിയിച്ചതിനെത്തുടർന്നാണു വീട്ടുകാർ വരാതായത്.
മരണ സമയത്തു തുഷാരയ്ക്ക് വെറും 20 കിലോ മാത്രമായിരുന്നു തൂക്കം. ഭക്ഷണം കിട്ടാതെയും ന്യൂമോണിയ ബാധിച്ചുമാണു മരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ഇവർക്കു നാലും രണ്ടും വയസുള്ള പെണ്കുട്ടികളുണ്ട്.
സീമ മോഹൻലാൽ