മുക്കം: സ്പെഷൽ പാക്കേജ് നടപ്പിലാക്കാൻ ഗ്രാൻഡ് വിതരണം നിർത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകൾ പ്രതിസന്ധിയിൽ. മുഖ്യമന്ത്രിയുടെയും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുടെയും പ്രത്യേക നിർദേശ പ്രകാരം 2017 ലാണ് മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ള സംസ്ഥാനത്തെ അംഗീകൃത സ്പെഷൽ സ്കൂളുകൾക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പെഷൽ സ്കൂളുകളെ സംരക്ഷിക്കുക, സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാറിന്റെ തീരുമാനം. ഇതിനായി രൂപരേഖ തയാറാക്കുകയും സ്കൂളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സംസ്ഥാന സർക്കാറിന്റെ ഗ്രാൻഡ് വിതരണം സ്പെഷൽ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിനുമുന്പ് എല്ലാ നടപടികളും പൂർത്തിയാക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പദ്ധതി ഇതുവരെ നടപ്പിലായില്ല. ഇതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ മുന്നൂറോളം വരുന്ന സ്പെഷൽ സ്കൂൾ സ്ഥാപനങ്ങൾ എങ്ങിനെ മുന്നോട്ടു കൊണ്ടു പോകുമെന്ന ആശങ്കയിലാണ് മാനേജ്മെന്റുകൾ.
തുച്ഛമായ വേതനത്തിന് സേവനം ചെയ്യുന്ന സ്പെഷൽ സ്കൂൾ ജീവനക്കാർക്ക് മാന്യമായ വേതനം വ്യവസ്ഥ ചെയ്യുന്ന പാക്കേജിന്റെ മന്ദഗതിയിൽ ജീവനക്കാരും നിരാശയിലാണ്.പ്രത്യേക പാക്കേജ് എത്രയും വേഗം നടപ്പിലാക്കണമെന്ന് സ്പെഷൽ സ്കൂൾ എംപളോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.