ന്യൂഡൽഹി: തൃശൂർ ആസ്ഥാനമായി തീർഥാടന, പൈതൃക, സാംസ്കാരിക, പരിസ്ഥിതി സൗഹൃദ സ്പെഷൽ ടൂറിസം സർക്യൂട്ട് ആരംഭിക്കണമെന്നു ടി.എൻ. പ്രതാപൻ എംപി ലോകസഭയിൽ ആവശ്യപ്പെട്ടു.
ലോകത്തിലെ എല്ലാ മതങ്ങൾക്കും പ്രവേശന കവാടം ഒരുക്കിയ തൃശൂർ ലോകപ്രശസ്തമായ ഹൈന്ദവ – ക്രൈസ്തവ – ഇസ്ലാം മത ദേവാലയങ്ങളുടെ നാടാണ്.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തൃശൂർ വടക്കുന്നാഥ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, ഇന്ത്യയിലെ ആദ്യ മസ്ജിദായ ചേരമാൻ ജുമാ മസ്ജിദ്, ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ ദേവാലയമെന്ന് അറിയപ്പെടുന്ന പാലയൂർ പള്ളി, വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ മറിയം ത്രേസ്യയുടെയും തീർത്ഥാടന കേന്ദ്രം, സിനഗോഗുകൾ എന്നിങ്ങനെ നിരവധി തീർത്ഥാടന – ആരാധനാലയ കേന്ദ്രങ്ങൾ തൃശൂരിലുണ്ട്.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന ഉത്സവങ്ങൾ ലോകപ്രശസ്തമാണ്. തൃശൂർ പൂരം കേരളത്തിന്റെ അടയാളം പോലെയാണ് അറിയപ്പെടുന്നത്. ക്ഷേത്ര വാദ്യകലകളുടെയും സാഹിത്യ സംഗീത അക്കാദമിയുടെയും കേന്ദ്ര ബിന്ദുവും ആസ്ഥാനവും തൃശൂർതന്നെ.
മനോഹരമായ കടൽ തീരങ്ങൾ, ഉൾനാടൻ ജലാശയങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പ്രസിദ്ധമായ ഡാമുകൾ, നദികൾ, വനപ്രദേശങ്ങൾ, കോൾനിലങ്ങൾ ഉൾപ്പടെ പ്രകൃതിരമണീയവുമാണ് തൃശൂർ.
ഇതെല്ലം കണക്കിലെടുത്തു തൃശൂർ ആസ്ഥാനമായി ഒരു തീർത്ഥാടന- സാംസ്കാരിക- പാരന്പര്യ- പരിസ്ഥിതി സൗഹൃദ പ്രത്യേക ടൂറിസം സർക്യൂട്ട് ആരംഭിക്കുന്നതിനു കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നു ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടു.