കോട്ടയം: വോട്ട് ചെയ്യാന്‍ വന്നവരും പോകേണ്ടവരുമെല്ലാം വെയ്റ്റിംഗ് ലിസ്റ്റിലാണ്. പോളിംഗ് സീസണില്‍ റെയില്‍വേ വേണ്ടത്ര സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കാതെ വന്നതിനാല്‍ മലയാളികള്‍ക്കാണ് ഏറെ ദുരിതം.
ബംഗളൂരു, ചെന്നൈ, മംഗലാപുരം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ക്ലേശിച്ച് നാട്ടിലെത്തിയ ശേഷം മടങ്ങാന്‍ ഏറെപ്പേര്‍ക്കും ടിക്കറ്റില്ല.സ്വകാര്യ ബസുകളില്‍ കൊള്ളനിരക്ക് നല്‍കിയാണ് മലയാളികളുടെ മടക്കയാത്ര. മിക്ക ട്രെയിനുകളിലും വെയ്റ്റിംഗ് ലിസ്റ്റ് മൂന്നൂറിനു മുകളിലാണ്.
ഇതര സംസ്ഥാനത്തൊഴിലാളികള്‍ ഒന്നടങ്കം വോട്ടു ചെയ്യാന്‍ മാസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. നിലവില്‍ അഡ്മിഷനും പഠനത്തിലും ജോലിക്കും മലയാളികള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ പോയി വരാന്‍ ടിക്കറ്റില്ല. ബംഗാള്‍, ആസാം, ബിഹാര്‍, മഹാരാഷ്ട്ര, ഹൈദരാബാദ് വണ്ടികളില്‍ നൂറിനു മുകളിലാണ് സ്ലീപ്പര്‍ വെയിറ്റിംഗ് ലിസ്റ്റ്.
കോല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഒരു സ്പെഷല്‍ വണ്ടി അനുവദിക്കാന്‍ സര്‍ക്കാരും ജനപ്രതിനിധികളും താത്പര്യം കാണിക്കുന്നില്ല. കേരളത്തില്‍ ജോലി ചെയ്യുന്ന 30 ലക്ഷത്തോളം അതിഥി തൊഴിലാളികളില്‍ ഏറെപ്പേരും നാട്ടിലേക്ക് പോകുന്ന സമയമാണ്. ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ക്കാണ് നിലവില്‍ ഏറ്റവും ദുരിതം.