കോട്ടയം: തൽക്കാലം യാത്രക്കാർക്ക് സ്പെഷൽ ട്രെയിനുകളിൽ മാത്രം യാത്രാ സൗകര്യം. കോവിഡ് വ്യാപനം മുൻനിറുത്തി ഓഗസ്റ്റ് 12 വരെ സാധാരണ സർവീസ് നിർത്തലാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ദുരിതം.
നിലവിൽ നിസാമുദീൻ, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള സ്പെഷൽ ട്രെയിനുകൾ മാത്രമാണു കേരളത്തിലേക്കുള്ള ദീർഘദൂരവണ്ടികൾ. കോട്ടയം, ചങ്ങനാശേരി സ്റ്റേഷനുകളിൽ ഇന്നലെ നിരവധി പേരെത്തി ടിക്കറ്റുകൾ റദ്ദാക്കി. ഓണ്‍ലൈൻ പെയ്മെന്റിൽ റിസർവ് ചെയ്തവരുടെ പണം ബാങ്ക് അക്കൗണ്ടിൽ ഉടൻ തിരികെ നൽകും.
കേരളത്തിൽ കണ്ണൂർ-തിരുവനന്തപുരം ശതാബ്ദിയും, തിരുവനന്തപുരം-എറണാകുളം എക്സ്പ്രസും സ്പെഷൽ സർവീസുകളായി ഓടുന്നുണ്ട്. ഈ ട്രെയിനുകൾ തുടർന്നും സർവീസ് നടത്തും.
ഹൈദരാബാദ്, ചെന്നൈ, ഹൗറ, ഗോഹട്ടി എന്നിവിടങ്ങളിൽനിന്ന് ഒട്ടേറെ യാത്രക്കാർ റിസർവ് ചെയ്തെങ്കിലും യാത്ര ഉടനെ നടത്താനാവില്ല. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമിക് ട്രെയിനുകൾ ഒരാഴ്ചയായി സർവീസ് നടത്തുന്നില്ല.