കൊല്ലം: നാഗർകോവിൽ – മംഗളുരു സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസിൽ മലബാർ മേഖലയിൽ ഓഫീസ് സമയത്തെ തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.
ഷൊർണൂർ -കണ്ണൂർ -ഷൊർണൂർ റൂട്ടിൽ ആഴ്ചയിൽ നാല് ദിവസം താത്ക്കാലികമായി അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ ആയിരിക്കും സർവീസ് നടത്തുക. പത്ത് ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകളും രണ്ട് സ്ലീപ്പർ കോച്ചുകളും ഈ സ്പെഷൽ വണ്ടിയിൽ ഉണ്ടാകും. വിജയകരമാണെങ്കിൽ സർവീസ് പ്രതിദിനമാക്കുന്നതും റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.
ഷൊർണൂർ -കണ്ണൂർ ട്രെയിൻ ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ജൂലൈ രണ്ട് മുതൽ 31 വരെ സർവീസ് നടത്തും. കണ്ണൂരിൽ നിന്ന് ഷൊർണൂരിലേയ്ക്കുള്ള വണ്ടി ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജൂലൈ മൂന്ന് മുതൽ ഓഗസ്റ്റ് ഒന്നു വരെയും ഉണ്ടാകും.
ഷൊർണൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.40 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.40ന് കണ്ണൂരിൽ എത്തും.
കണ്ണൂരിൽ നിന്ന് രാവിലെ 8.10 ന് യാത്ര തിരിക്കുന്ന വണ്ടി ഉച്ചയ്ക്ക് 12.30 ന് ഷൊർണൂരിലും എത്തിച്ചേരും.പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറൂക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശേരി എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.പരശുറാം എക്സ്പ്രസിൽ ഓഫീസ് സമയങ്ങളിലെ അമിതമായ തിരക്ക് കാരണം സ്ത്രീകൾ അടക്കം നിരവധി യാത്രക്കാർ കുഴഞ്ഞ് വീണ സംഭവങ്ങൾ അടുത്തിടെ ഉണ്ടായി.
ഇതിൻ്റെ അടിസ്ഥാനത്തിൽ ട്രെയിനിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ പരിഗണിച്ചതുമില്ല. എങ്കിലും ഇപ്പോൾ താത്ക്കാലികമായി അനുവദിച്ചിട്ടുള്ള അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ ഈ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ ഒരു പരിധിവരെ സഹായകമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എസ്.ആർ. സുധീർ കുമാർ