എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഒടുവിൽ റെയിൽവേ അധികൃതർക്ക് മനം മാറ്റം. കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ശബരിമല സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ ബോർഡ് ഇന്നലെ അടിയന്തിര ഉത്തരവ് ഇറക്കി.
വണ്ടികൾ അനുവദിച്ചുള്ള സൗത്ത് സെൻട്രൽ റെയിൽവേയുടെ സെക്കന്തരാബാദ് ട്രാൻസ്പോർട്ടേഷൻ ബ്രാഞ്ചിന്റെ അറിയിച്ച് ഇന്നലെ തന്നെ ബന്ധപ്പെട്ട ഡിവിഷണൽ മാനേജർമാർക്കും സാങ്കേതിക വിഭാഗം മേധാവികൾക്കും കൈമാറുകയും ചെയ്തു.
സെക്കന്തരബാദിൽ നിന്നു കൊല്ലത്തേക്കും നരാസ്പുരിൽ നിന്ന് കോട്ടയത്തേക്കുമാണ് ശബരിമല സ്പെഷൽ സർവീസ് അനുവദിച്ചിട്ടുള്ളത്. ട്രെയിൻസ് ഓൺ ഡിമാൻഡ് എന്ന ഗണത്തിൽ പെടുത്തിയാണ് ഇവ ഓടിക്കുന്നത്.
യാത്രക്കാർ കൂടുതൽ ഉണ്ടങ്കിൽ അതിന് അനുസരിച്ച് അധികം വണ്ടികൾ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം.സെക്കന്തരാബാദ് – കൊല്ലം റൂട്ടിലെ ആദ്യ സർവീസ് 19 – ന് തുടങ്ങും.
കൊല്ലത്ത് നിന്ന് തിരികെ സെക്കന്തരാബാദിലേക്ക് 21-നും സർവീസ് നടത്തും. ജനറൽ, സ്ലീപ്പർ, സെക്കൻഡ് ഏസി, തേർഡ് ഏസി അടക്കം 21 കോച്ചുകൾ ഉണ്ടാകും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
നരാസ്പുർ- കോട്ടയം സ്പെഷൽ 20-നാണ് സർവീസ് നടത്തുക. കോട്ടയത്ത് നിന്ന് ഈ വണ്ടി 21 – ന് തിരികെ . നരാസ്പുരിലേക്കും പോകും. ഇതിൽ 22 കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം എന്നിവയാണ് സംസ്ഥാനത്തെ സ്റ്റോപ്പുകൾ.ശബരിമല തീർഥാടകർക്കായി സതേൺ റെയിൽവേ ചെന്നൈ-തിരുനെൽവേലി റൂട്ടിൽ മാത്രം ഒതുക്കി വന്ദേ ഭാരത് എക്സ്പ്രസ് ഏർപ്പെടുത്തിയത് തീർഥാടകരുടെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇക്കാര്യത്തിൽ റെയിൽവേ അധികൃതർ കേരളത്തെ അവഗണിച്ച കാര്യം കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് വണ്ടികൾ സർവീസ് നടത്താൻ റെയിൽവേ ബോർഡ് ധൃതിപിടിച്ച് തീരുമാനം എടുത്തത്.