കൊച്ചി: ഇറങ്ങാൻനേരം മുന്നോട്ടുനീങ്ങിയ ട്രെയിനിൽനിന്നും ചാടിയ യുവതിയുടെ കൈ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് അറ്റുപോയി. പുനലൂർ-ഗുരുവായൂർ പാസഞ്ചറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് മധുര സ്വദേശിനി തലൈമ(32)യുടെ ഇടതു കൈയാണ് അറ്റുപോയത്. ഇന്നു വെളുപ്പിന് ഒന്നരയോടെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
ഇറങ്ങാൻശ്രമിക്കവേ മുന്നോട്ടു നീങ്ങിയ ട്രെയിനിൽനിന്നും യുവതി ചാടിയപ്പോഴുണ്ടായ വീഴ്ചയിൽ ഇവരുടെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. നാടോടികളായ ദന്പതികൾ ഓച്ചിറയിൽനിന്നുമാണ് ട്രെയിനിൽ കയറിയതെന്നാണു വിവരം. നിലവിളി ശബ്ദംകേട്ട് ട്രെയിനിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ചങ്ങലവലിച്ച് ട്രെയിൻ നിർത്തിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവതിയെ കൈ അറ്റ നിലയിൽ കണ്ടെത്തുകയും കൊച്ചിയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കൈയുടെ തോളിനും മുട്ടിനും ഇടയിലുള്ള ഭാഗം മുഴുവൻ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. തുന്നിച്ചേർക്കൽ സാധ്യമല്ലാത്തതിനാൽ ഇന്നു രാവിലെ ശസ്ത്രക്രിയ നടത്തി തോളിന്റെ ഭാഗം അടച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. യുവതി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.