സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുമെന്നറിയാം ! എങ്കിലും തിടുക്കപ്പെട്ട് നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തരുത്; ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ 10 ആഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് വിദഗ്ധര്‍…

കോവിഡ് രോഗബാധയെത്തുടര്‍ന്ന് ഇന്ത്യ രണ്ടാം ഘട്ട ലോക്ക്ഡൗണില്‍ കഴിയുകയാണ്. മെയ് മൂന്നുവരെയാണ് നിലവിലെ ലോക്ക് ഡൗണ്‍ പിരീഡ്.

എന്നാല്‍ ഇതുകൊണ്ട് കാര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യവിദഗ്ധരടക്കമുള്ളവരുടെ അഭിപ്രായം.

ഇന്ത്യ പത്ത് ആഴ്ചത്തേക്കു കൂടി നീട്ടണമെന്ന് ലോകപ്രശസ്ത്ര ആരോഗ്യപ്രസിദ്ധീകരണമായ ദി ലാന്‍സെറ്റിന്റെ എഡിറ്റര്‍ റിച്ചാര്‍ ഹോര്‍ട്ടണ്‍ പറയുന്നു.

ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റിച്ചാര്‍ഡ് അഭിപ്രായം തുറന്നുപറഞ്ഞത്.

മഹാമാരി ഒരു രാജ്യത്തും ദീര്‍ഘകാലം നില്‍ക്കില്ല. രാജ്യങ്ങള്‍ കൊറോണയെ നേരിടാന്‍ ശരിയായ കാര്യങ്ങള്‍ തന്നെയാണ് ചെയ്യുന്നത്.

ഇന്ത്യയിലാവാട്ടെ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്കണമെന്നും ഈ സമയം രോഗവ്യാപനം കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും റിച്ചാര്‍ ഹോര്‍ട്ടണ്‍ വ്യക്തമാക്കി.

ഇന്ത്യ നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നറിയാം. എങ്കില്‍ പോലും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ ധൃതികൂട്ടരുത്.

കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കണമെന്നും കൊറോണയുടെ രണ്ടാമതൊരു തിരിച്ചുവരവ് ഉണ്ടായാല്‍ അത് ആദ്യത്തേക്കാള്‍ അപകടകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വീണ്ടും തിരിച്ചുവന്നാല്‍ വീണ്ടും ലോക്ക് ഡൗണ്‍ ആരംഭിക്കേണ്ടിവരും. വിലപ്പെട്ട സമയവും സമ്പത്തും അതിനായി ചെലവഴിക്കേണ്ടിവരും.

അതുകൊണ്ട് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പത്ത് ആഴ്ച വരെ തുടരണം. ഈ 10 ആഴ്ചയുടെ അവസാനത്തോടെ രോഗവ്യാപനംകുറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് മാറാം.

എങ്കിലും സാമൂഹിക അകലം പാലിക്കണം, മാസ്‌കുകള്‍ ധരിക്കണം, വ്യക്തിശുചിത്വം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സൂചനകള്‍ അനുസരിച്ച് മേയ് മൂന്നിന് ശേഷവും രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീട്ടേണ്ടത് ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു.

Related posts

Leave a Comment