യൂണിവേഴ്സിറ്റി പ്രഫസർ, ന്യൂറോ സർജൻ, വ്യവസായ സംരംഭകൻ, ലോകോപകാരി എന്നീ നിലകളിൽ പ്രസിദ്ധനാണു ഡോ. ജയിംസ് ഡോട്ടി.
മെഡിക്കൽ ബിരുദം നേടിയശേഷം ഒന്പതു വർഷം യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മേജർ റാങ്കോടെയാണു വിരമിച്ചത്.
ന്യൂറോ സർജറിയിൽ അതിവിദഗ്ധനായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെകൂടി ശ്രമഫലമായിട്ടാണു സൈബർ നൈഫ് എന്ന സങ്കീർണമായ മെഷീൻ വിപണിയിലെത്തിയത്.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സർജറി പ്രഫസറായ ജോണ് ആഡ്ലർ ആിരുന്നു സൈബർ നൈഫ് രൂപകല്പനചെയ്തത്.
ഇമേജ് ഗൈഡൻസ് സിസ്റ്റത്തിന്റെ സഹായത്തോടെ റേഡിയേഷൻ തെറപ്പി നൽകാൻ ഉപയോഗിക്കുന്ന ഈ മെഷീൻ ആക്യുറസി, ഇൻകോർപറേറ്റഡ് എന്ന കന്പനിയാണു നിർമാണം ഏറ്റെടുത്തത്.
എന്നാൽ, കന്പനിക്കു പണമില്ലാതെ വന്നപ്പോൾ ഡോ. ഡോട്ടി സ്വന്തം പണമിറക്കി കന്പനി പ്രവർത്തിപ്പിക്കാൻ തുടങ്ങി. ചില വ്യവസായ സംരഭകരും അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ടുവന്നു.
1990-ൽ തുടക്കമിട്ട ആക്യുറസി എന്ന കന്പനി 2000-ത്തോടുകൂടി വൻ വിജയമായി മാറി. തൽഫലമായി ഡോ. ഡോട്ടിയുടെ ആസ്തി ഏഴരക്കോടി ഡോളറായി വളർന്നു.
എന്നാൽ, തന്റെ കൈയിൽ കുന്നുകൂടിക്കൊണ്ടിരുന്ന പണം മുഴുവൻ ഭാവിയിലേക്കു കാത്തുസൂക്ഷിക്കാൻ അദ്ദേഹം തയാറായില്ല. ആക്യുറസിയിലെ തന്റെ മൂന്നുകോടി ഡോളറിന്റെ ഷെയർ വിവിധ ചാരിറ്റി സംരംഭങ്ങൾക്കു സംഭാവനയായി അദ്ദേഹം വാഗ്ദാനംചെയ്തു.
എന്നാൽ, ഈ തുക വിവിധ ചാരിറ്റി സംരംഭങ്ങൾക്കു നൽകുന്നതിനു മുൻപായി ഡോ. ഡോട്ടിയുടെ സാന്പത്തികനില പെട്ടെന്നു താറുമാറിലായി.
അതിന്റെ കാരണം 2000-2001-ലെ ഡോട്ട്കോം സംരംഭങ്ങളിൽ വൻതുക നിക്ഷേപിച്ചിരുന്ന അദ്ദേഹത്തിന് ആ തുക മുഴുവൻ നഷ്ടമായി. അദ്ദേഹത്തിനു ബാക്കിയുണ്ടായിരുന്നതാകട്ടെ വിവിധ ചാരിറ്റി പ്രസ്ഥാനങ്ങൾ നൽകാനായി മാറ്റിവച്ചിരുന്ന മൂന്നുകോടി ഡോളർ മാത്രവുമായിരുന്നു.
ഡോ. ഡോട്ടിയുടെ സാന്പത്തികം വളരെ മോശമാണെന്നു മനസിലാക്കിയ അദ്ദേഹത്തിന്റെ നിയമോപദേശകർ ചാരിറ്റി പ്രസ്ഥാനങ്ങൾക്കു ഡോ. ഡോ. ഡോട്ടി തുക നൽകേണ്ടതില്ല എന്നു ശക്തിയായി വാദിച്ചു.
നിയമപരമായി തുക കൊടുക്കാൻ അദ്ദേഹത്തിനു ബാധ്യതയില്ലെന്നായിരുന്നു അവരുടെ നിലപാട്.
എന്നാൽ, അദ്ദേഹം അതിനു തയാറായില്ല. കൈയിൽ ചില്ലിക്കാശു ബാക്കിയില്ലാതിരുന്നിട്ടം ചാരിറ്റി പ്രസ്ഥാനങ്ങൾക്കു വാഗ്ദാനംചെയ്തിരുന്ന തുക മുഴുവനും അദ്ദേഹം നൽകി.
താൻ എടുത്ത തീരുമാനത്തെക്കുറിച്ച് അദ്ദേഹം പിന്നീട് ഇപ്രകാരം പറഞ്ഞു: “പണം നമുക്കു സന്തോഷം തരുമെന്നാണു നമ്മുടെയിടയിലെ മിഥ്യാധാരണ.
പാവപ്പെട്ടവനായി ഞാൻ വളർന്നപ്പോൾ, പണമുണ്ടെങ്കിൽ എനിക്കു മറ്റുള്ളവരുടെമേൽ നിയന്ത്രണവും അധികാരവും ഉണ്ടാകുമെന്നു ഞാൻ വിശ്വസിച്ചു.
അതുപോലെ പണംവഴി എനിക്കു സ്നേഹം ലഭിക്കുമെന്നും ഞാൻ കരുതി. എന്നാൽ, ഞാൻ സ്വപ്നം കണ്ടതിനെക്കാൾ വളരെ അധികമായി എനിക്കു പണമുണ്ടായിട്ടും എനിക്കു സന്തോഷമുണ്ടായില്ല.’
അതായത്, പണം വഴി സന്തോഷം കണ്ടെത്താൻ ഒരു മാർഗമേയുള്ളു. അതു പണം മറ്റുള്ളവർക്കു ദാനമായി നൽകുക എന്നതാണ്.’
കൈയിലുണ്ടായിരുന്ന പണമെല്ലാം ഷെയർ മാർക്കറ്റിന്റെ തകർച്ചമൂലം ആവിയായിപ്പോയപ്പോൾ ഡോ. ഡോട്ടി തന്റെ വാഗ്ദാനങ്ങളിൽനിന്നു പിന്നോട്ടു പോയിരുന്നെങ്കിൽ അധികമാരും അദ്ദേഹത്തെ കുറ്റം പറയുകയില്ലായിരുന്നു. അതിന്റെ പ്രധാനകാരണം അദ്ദേഹത്തിനു പണത്തോട് ആർത്തിയില്ലായിരുന്നു എന്നതാണ്.
പണമുണ്ടായാൽ ജീവിതത്തിൽ സന്തോഷം സ്വാഭാവികമായും ഉണ്ടായിക്കൊള്ളുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
എന്നാൽ, പണമുണ്ടായപ്പോൾ ആ വിശ്വാസം തെറ്റാണെന്ന് അദ്ദേഹത്തിനു മനസിലായി. തന്മൂലമാണ്, തന്റെ സന്പത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം നന്മപ്രവൃത്തികൾക്കായി മാറ്റിവച്ചത്.
പണക്കൊതിയന്മാർക്ക് ഒരിക്കലും മനസിലാക്കാൻ സാധിക്കാത്ത കാര്യമാണു ഡോ. ഡോട്ടി ചെയ്തത്. അതുകൊണ്ടുതന്നെ ഡോ. ഡോട്ടി എത്ര മരമണ്ടൻ എന്ന് അദ്ദേഹത്തെ അവർ ആക്ഷേപിക്കുകയും ചെയ്യും. നാമാരും അത്ര വലിയ പണക്കൊതിയന്മാരായിരിക്കില്ല.
എങ്കിൽപ്പോലും നമ്മുടെ കൈയിലുള്ള തുക വൻതുകയാണെങ്കിലും അതു ദരിദ്രരെ സഹായിക്കുന്നതിനും സമൂഹത്തിന്റെ നന്മക്കായി ചെലവാക്കുന്നതിനും നാം തയാറാകുമോ? സംശയമാണ്.
പണം കൈയിലുണ്ടെങ്കിൽ അതു നമുക്കു സന്തോഷം തരുമെന്ന മിഥ്യാധാരണയല്ലേ പണത്തെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്?
ഡോ. ഡോട്ടിയുടെ കഥയിലേക്കു മടങ്ങിവരട്ടെ. വാഗ്ദാനംചെയ്തിരുന്നതുപോലെ, മൂന്നുകോടി ഡോളർ സംഭാവനചെയ്തത്തിന്റെ മറ്റൊരു കാരണം അദ്ദേഹത്തിന്റെ സ്വഭാവദാർഢ്യം ആയിരുന്നു.
വാക്കുകൊടുത്താൽ അതുപോലെ ചെയ്യണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. പണം നൽകാതിരിക്കാൻ മതിയായ കാരണമുണ്ടായിരുന്നെങ്കിലും ഡോ. ഡോട്ടി ആ വഴി തെരഞ്ഞെടുത്തില്ല. ശരിക്കു ത്യാഗം സഹിച്ചും അദ്ദേഹം തന്റെ വാക്കുപാലിച്ചു.
പണത്തോട് ആർത്തിയുള്ളവരായിരിക്കും ഒരുപക്ഷേ, മനുഷ്യരിൽ ഭൂരിഭാഗവും. എന്നാൽ, പണത്തോട് ആർത്തിയില്ലാത്തവരും പണത്തിന്റെ അടിമകളായി മാറാത്തവരും ധാരാളം നമ്മുടെ ചുറ്റിലുമുണ്ടെന്നതാണു വാസ്തവം.
നാം അങ്ങനെയുള്ളവരുടെ ഗണത്തിൽപ്പെടുന്നവരാണെന്നു നമുക്കുറപ്പുവരുത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ