ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ രണ്ടു വനിതാ മുഖ്യമന്ത്രിമാരും ഓർമയായി. അതും മൂന്ന് ആഴ്ചകളുടെ വ്യത്യാസത്തിൽ. ഇരുവരും മരിച്ചതും ഹൃദയാഘാതം മൂലമെന്നതും മറ്റൊരു യാദൃശ്ചികത. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് കഴിഞ്ഞ മാസം 20 ന് ആണ് അന്തരിച്ചത്. ചൊവ്വാഴ്ച മുൻ വിദേശകാര്യമന്ത്രി കൂടിയായ സുഷമ സ്വരാജും അന്തരിച്ചു.
ഷീലയും സുഷമയും മാത്രമാണ് ഡൽഹി ഭരിച്ച വനിതകൾ. ഇരുവരുടേയും മരണവും സമാനതകൾ നിറഞ്ഞതായി. പ്രായത്തിന്റെ അവശതകളും രോഗങ്ങളും അലട്ടിയിരുന്നെങ്കിലും സജീവമായി പൊതുരംഗത്ത് ഇടപെടൽ നടത്തിവരുന്നതിനിടെയാണ് ഷീല ദീക്ഷിതിന്റെ അപ്രതീക്ഷിത മരണം. സുഷമയും രോഗങ്ങളുടെ അവശതയിൽ ആയിരുന്നെങ്കിലും രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്നു. കാഷ്മീർ വിഭജന വിഷയത്തിൽ വരെ തന്റെ അഭിപ്രായം പ്രകടപ്പിച്ചതിനു പിന്നാലെയാണ് മരണം വിളിച്ചത്.
ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. 1998 ഒക്ടോബർ 12 മുതൽ 1998 ഡിസംബർ മൂന്നു വരെയാണ് അവർ ഡൽഹി മുഖ്യമന്ത്രിയായിരുന്നത്. സുഷമയുടെ മന്ത്രിസഭ വീണതിനു പിന്നാലെ ഷീലയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലേറി. പിന്നീട് ദീർഘമായ 15 വർഷം ഷീല ദീക്ഷിത് ഡൽഹിയെ നയിച്ചു.
അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മിപാർട്ടിയുടെ തേരോട്ടത്തിലാണ് ഷീലയ്ക്കു പടിയിറങ്ങേണ്ടിവന്നത്. ഡൽഹിയുടെ ഭരണത്തിൽ സുഷമ മുൻഗാമിയായെങ്കിലും മരണത്തിൽ ഷീലയുടെ പിൻഗാമിയായി.