പള്ളീലച്ചന്മാരുടെ പാട്ടു കേൾക്കാൻ അങ്ങു പള്ളീൽ പോയാ മതി എന്നിനി പറയണ്ട. കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിലെ ക്ലിക്കിൽ കേൾക്കാം അച്ചന്മാരുടെ അടിപൊളി സംഗീതം. ദി 12 ബാൻഡ് എന്ന അച്ചന്മാരുടെ പാട്ടുകൂട്ടത്തിന് ഇന്നു യു ട്യൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ആസ്വാദകർ ലക്ഷങ്ങളാണ്. ഭക്തിഗാനങ്ങൾ മാത്രം പാടി മടങ്ങുന്ന അച്ചന്മാരെയല്ല, നന്മയുടെ ഈണവും ഉൗർജവും സമ്മാനിക്കുന്ന സംഗീതവഴികളിലെല്ലാം ഈ കൊച്ചച്ചന്മാരുടെ പാട്ടുസംഘത്തെ കണ്ടുമുട്ടും.
എറണാകുളം-അങ്കമാലി അതിരൂപതയുടെ മാധ്യമവിഭാഗമായ പിൽഗ്രിംസ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലുള്ള വൈദികരുടെ പാട്ടുസംഘമാണു സോഷ്യൽമീഡിയയിൽ കൈയടി നേടുന്നത്. ഏറെ കേട്ട പാട്ടുകളുടെ വേറിട്ട ആവിഷ്കാരവും പുത്തൻപാട്ടുകളുടെ ഹൃദയത്തിൽ തൊടുന്ന ഈണങ്ങളും ദി 12 ബാൻഡിലേക്ക് ആസ്വാദകരെ ആകർഷിക്കുന്നു. അക്കാപ്പെല്ലാ ഫ്യൂഷനും പ്രളയത്തിന്റെ അതിജീവന സംഗീതമായൊരുക്കിയ ഉയിർപാട്ടും ഇന്നു സോഷ്യൽ മീഡിയ ഏറ്റുപാടുകയാണ്.
ആരംഭം അക്കാപ്പെല്ലയിൽ
ഉപകരണ സംഗീതമില്ലാതെ കണ്ഠനാദങ്ങളുടെ അകന്പടിയിൽ ഗാനങ്ങൾ ആലപിക്കുന്ന ഇറ്റാലിയൻ ഗാനശാഖ അക്കാപ്പെല്ലയിൽ പുതുപരീക്ഷണമൊരുക്കിയാണു ദി 12 ബാൻഡ് സംഗീതയാത്ര ആരംഭിക്കുന്നത്. സിനിമകളിലൂടെ പ്രസിദ്ധമായ ഭക്തിഗാനങ്ങൾ ഉൾപ്പെടെ മലയാളികൾ ഏറെ മൂളിയ ഹിറ്റു ഗാനങ്ങളാണ് അക്കാപ്പെല്ലാ ശൈലിയിൽ ഇവർ അവതരിപ്പിച്ചത്.
സമാഗമം സിനിമയ്ക്കായി എസ്.ജാനകി പാടിയ വാഴ്ത്തിടുന്നിതാ സ്വർഗനായകാ, അമരം എന്ന ചിത്രത്തിൽ കൈതപ്രവും രവീന്ദ്രനും ചേർന്നൊരുക്കിയ ഹൃദയരാഗ തന്ത്രി മീട്ടി…, ഫൈവ്സ്റ്റാർ ഹോസ്പിറ്റൽ എന്ന സിനിമയ്ക്കായി കെ.എസ്. ചിത്ര പാടിയ വാതിൽ തുറക്കൂ നീ കാലമേ…, വീണ്ടും ചില വീട്ടുകാര്യങ്ങൾക്കായി സത്യൻ അന്തിക്കാടും ജോണ്സണും ചേർന്നൊരുക്കി യേശുദാസ് പാടിയ വിശ്വം കാക്കുന്ന നാഥാ… തുടങ്ങിയ ഗാനങ്ങൾ അതുവരെ കേൾക്കാത്ത ശൈലിയിൽ കേട്ടപ്പോൾ മലയാളിക്കതു പുതുമയായി. അക്കാപ്പെല്ല ശൈലിയിൽ മലയാളത്തിൽ ആദ്യമായാണു വൈദികരുടെ സംഘം ഗാനമാലപിക്കുന്നത്.
യു ട്യൂബിലും ഫേസ്ബുക്ക് ഉൾപ്പെടെ സാമൂഹ്യ മാധ്യമങ്ങളിലും ഗാനം ശ്രദ്ധ നേടിയതു വേഗത്തിലായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു ലക്ഷത്തിലധികം പേർ പാട്ടു കേട്ടു.
മഴപോലെ ഉയിർപാട്ട്
മഴക്കെടുതിയിൽ മലയാളി നനഞ്ഞു കുതിർന്നിരിക്കുന്പോഴാണു ദി 12 ബാൻഡിന്റെ ഉയിർപാട്ട് സോഷ്യൽമീഡിയയിൽ തരംഗമായത്. പ്രളയവും പ്രകൃതിക്ഷോഭവും ഏൽപിച്ച ആഘാതവും കൂട്ടായ്മയുടെ കരുത്തിൽ അതിൽ നിന്നുള്ള അതിജീവനവും പ്രമേയമാക്കി ഒരുക്കിയ നന്മയുള്ള പാട്ട് എന്നാണു സോഷ്യൽ മീഡിയ പാട്ടിനു കമന്റിട്ടത്.
ഈ പുഴയിൽ ഈ മഴയിൽ
നിന്നു നനയാനുണ്ടൊരു കൂട്ടം..
മഴ പോലെ മനോഹരമാണ് ഉയിർപാട്ടിനായി ഫാ. നിബിൻ കുരിശിങ്കൽ കുറിച്ച വരികൾ. ഉള്ളിൽ തൊടുന്ന ഈണവും അദ്ദേഹത്തിന്റേതു തന്നെ. മഴയുടെയും കടലിന്റെയും പശ്ചാത്തലത്തിലൊരുക്കിയ ദൃശ്യങ്ങളും അക്ഷരാർഥത്തിൽ മനസുകളെ ഉണർത്തുന്നതായിരുന്നു.
2018ലെ പ്രളയകാലത്തിന്റെ ഓർമകളുമായി ദുരിതക്കാഴ്ചകളുടെയും രക്ഷാപ്രവർത്തനങ്ങളുടെയും ചിത്രീകരണം പാട്ടിലുണ്ട്. മതഭേദങ്ങൾക്കപ്പുറത്തു വിശാലമാകേണ്ട സാർവ്വത്രിക സ്നേഹത്തെ പാട്ട് ഓർമപ്പെടുത്തുന്നുണ്ട്. ഫാ. ജെറിൻ പാലത്തിങ്കലിന്റെ റാപ് ഈണത്തിലുള്ള വരികളും പറയുന്നതു സ്നേഹത്തിന്റെ സന്ദേശം. ഫാ. ജൂബി കളത്തിപറന്പിൽ തബലയിലും ഫാ. സാജോ പടയാട്ടി ഹാർമോണിയത്തിലും ഫാ. എബി ഇടശേരി വയലിനിലും ഫാ. ജാക്സണ് സേവ്യർ കീറ്റാറിലും ആവേശത്താളമൊരുക്കുന്നു. ചെറായിയിൽ കടലിന്റെ മനോഹര പശ്ചാത്തലത്തിലാണു ഗാനത്തിന്റെ ചിത്രീകരണം നടന്നത്.
പിൽഗ്രിംസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ.ജേക്കബ് കോറോത്തും ഫാ.ജയിംസ് തൊട്ടിയിലും ചേർന്നാണ് ഉയിർപാട്ടിന്റെ സംവിധാനം നിർവഹിച്ചത്.
12 വൈദികർ
വിയന്ന മ്യൂസിക് കണ്സർവേറ്ററിയിൽ ചർച്ച് മ്യൂസിക്ക്, കോറൽ സിംഗിംഗ് കണ്ടക്ടിംഗ്, ഓർക്കസ്ട്ര കണ്ടക്ടിംഗ് വിഷയങ്ങളിൽ പിയാനോയും പൈപ്പ് ഓർഗനും പ്രധാനവിഷയമാക്കി ഉപരിപഠനം നടത്തുന്ന ഫാ.ജാക്സണ് സേവ്യർ ദി 12 ബാൻഡിലെ ശ്രദ്ധേയസാന്നിധ്യമാണ്.
ഫാ.ജേക്കബ് കോറോത്ത്, ഫാ.ജെയിംസ് തൊട്ടിയിൽ, ഫാ. ജൂബി കളത്തിപ്പറന്പിൽ, ഫാ. നിബിൻ കുരിശിങ്കൽ, ഫാ.ജെറിൻ പാലത്തിങ്കൽ, ഫാ.സാജോ പടയാട്ടിൽ, ഫാ. ചെറിയാൻ നേരേവീട്ടിൽ, ഫാ. എബി ഇടശേരി, ഫാ.മെൽവിൻ ചിറ്റിലപ്പിള്ളി, ഫാ.ആന്റണി കാട്ടുപറന്പിൽ, ഫാ. ജിമ്മി കക്കാട്ടുചിറ എന്നിവരാണു ബാൻഡിലെ മറ്റുള്ളവർ. എല്ലാവരും പാട്ടിലോ സംഗീതോപകരണങ്ങളുടെ വാദനത്തിലോ പ്രതിഭ തെളിയിച്ചവരാണ്.
അതിരൂപതയിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്യുന്നവരും ഉപരിപഠനം നടത്തുന്നവരും സംഘത്തിലുണ്ട്. നിശ്ചിത ദിവസങ്ങളിൽ കലൂർ റിന്യൂവൽ സെന്ററിൽ ഒരുമിച്ചുകൂടിയാണു പരിശീലനം. കൂടുതൽ വൈദികരും സെമിനാരി വിദ്യാർഥികളും ബാൻഡിലൂടെ ശുശ്രൂഷയ്ക്കു സജ്ജരായിട്ടുണ്ടെന്നു ഫാ.ജാക്സണ് സേവ്യർ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളിലുള്ളവർക്കും സ്വീകാര്യമാകുന്ന തരത്തിൽ വ്യത്യസ്തമായ സംഗീതശുശ്രൂഷ നിർവഹിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പുതുമകൾ തേടി
വർഷങ്ങളായി കലാരംഗത്തു ശ്രദ്ധേയ സാന്നിധ്യമായ പിൽഗ്രിംസ് കമ്യൂണിക്കേഷൻ നേരത്തെ നാടകങ്ങളും സംഗീത ആൽബങ്ങളും സ്റ്റേജ് പരിപാടികളും തയാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. വിവിധ വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ദി ട്വൽവ് ബാൻഡ്, സംഗീതത്തിലെ പുതുമയുള്ള പരീക്ഷണങ്ങൾക്കുള്ള തയാറെടുപ്പിലാണ്. സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പുതിയ തലമുറയ്ക്കും മറ്റുള്ളവർക്കും ഒരുപോലെ ആകർഷകമാകുന്ന സംഗീതസംരംഭങ്ങളാണ് ഇവരുടെ മനസിലുള്ളത്.
സിജോ പൈനാടത്ത്