കേരളത്തിലെ കൂടത്തായിയിൽ പുറത്തുവന്ന കൂട്ടക്കൊല രാജ്യമെന്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഒരു കുടുംബത്തിന്റെ ആറു പേർ വിവിധ കാലഘട്ടങ്ങളിൽ കൊല്ലപ്പെട്ടു എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചു.
സയനൈഡ് നൽകിയായിരുന്നു കൊലപാതകം എന്നതും സമൂഹത്തെ അന്പരപ്പിച്ചു. കാരണം കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിലുള്ള കൂട്ടക്കൊലപാതകമായിരുന്നു ഇത്.
എന്നാൽ, ഇതിനേക്കാൾ ഏറെ സമൂഹത്തെ ഞെട്ടിച്ചത് ഈ കുറ്റകൃത്യങ്ങളിൽ പ്രതിസ്ഥാനത്തു വന്നത് ഒരു സ്ത്രീ ആയിരുന്നു എന്നതായിരുന്നു.
സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയും മറ്റ് ഗൂഢലക്ഷ്യങ്ങളോടെയുമായിരുന്നു കൊലപാതകങ്ങൾ അരങ്ങേറിയത്. ഭക്ഷണത്തിലും മരുന്നിലുമൊക്ക സയനൈഡ് ചേർത്തു നൽകിയാണ് പ്രതി തന്റെ ഇരകളെ കൊലപ്പെടുത്തിയത്.
അവിശ്വസനീയം
അവിശ്വസനീയതോടെയാണ് ഈ സംഭവങ്ങളെ സമൂഹം കേട്ടതും വായിച്ചതും. ആറു പേരുടെ മരണമാണ് കൂടത്തായി സംഭവത്തിൽ സ്ഥീരികരിച്ചത്.
ഈ കേസ് ഇപ്പോൾ കോടതിയിലാണ്. എന്നാൽ, ഇതിനേക്കാൾ ഭീകരമായ കൂട്ടക്കൊലപാതകങ്ങൾക്കു ലോകം ഇതിനു മുന്പും സാക്ഷിയായിട്ടുണ്ട് എന്നതാണ് സത്യം.
അങ്ങനെ ലോകത്തെ വിറപ്പിച്ച പേരുകളിലൊന്നാണ് മേരി ആൻ കോട്ടൺ. ശരിക്കും കൂടത്തായിക്കു സമാനമായ ഒരു കൂട്ടക്കൊലയിലെ കുറ്റവാളിയായിരുന്നു കോട്ടൺ.
മേരി ആൻ കോട്ടൺ ഒരു നല്ല ഭാര്യ ആയിരുന്നോ എന്നു ചോദിച്ചാൽ നല്ലത് എന്നതു പോട്ടെ ആ പേരിനു പോലും അവൾ അർഹയായിരുന്നോ എന്നതാണ് അവളുടെ ജീവിതം ഉയർത്തുന്ന ചോദ്യം.
നാലു ഭർത്താക്കാൻമാരെ സ്വന്തമാക്കിയിട്ട് അവരിൽ മൂന്നു പേരെയും വകവരുത്തിയ അവളെ എങ്ങനെ ഒരു ഭാര്യ എന്നു വിളിക്കും?
ഇങ്ങനെയും ചെയ്യുന്നവർ!
മേരി ആൻ കോട്ടണിന്റെ ചെയ്തികൾ അറിഞ്ഞാൽ മൂന്നു ഭർത്താക്കന്മാരെയൊക്കെ വകവരുത്തിയത് അവളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ എന്നായിരിക്കും വായനക്കാർക്കു തോന്നുക.
കാരണം, അവളുടെ ക്രൂരതകളിൽനിന്നും സ്വാർഥ താത്പര്യങ്ങളിൽനിന്നും രക്ഷപ്പെടാൻ അവളുടെ മക്കൾക്കു പോലും കഴിഞ്ഞില്ല.
സ്വന്തം മക്കളോട് അവൾ ചെയ്തത് അറിഞ്ഞാൽ ആർക്കും അവളെ അമ്മ എന്നു വിളിക്കാൻ തോന്നില്ല. പതിമൂന്നു മക്കളിൽ പത്തു പേരെയും കൊലപ്പെടുത്തിയ ഒരു സ്ത്രീയെ എങ്ങനെ അമ്മ എന്നു വിശേഷിപ്പിക്കും?
അതുകൊണ്ടും അവൾ അടങ്ങിയില്ല കാമുകനെ വകവരുത്തി, ഒപ്പംസ്വന്തം അമ്മയെയും… ഇങ്ങനെ കൊലപാതകങ്ങൾ ഹരമാക്കി ലോക ചരിത്രത്തെ ഞെട്ടിച്ച സ്ത്രീയായിരുന്നു മേരി ആൻ കോട്ടൺ.
ഈ കൊലപാതകങ്ങളെല്ലാം ഒറ്റ ദിവസമോ ഒരാഴ്ച കൊണ്ടോ ആയിരുന്നില്ല ഇവർ നടപ്പാക്കിയത്. അതിനു തെരഞ്ഞെടുത്ത വഴികളും വിചിത്രമായിരുന്നു.
(തുടരും).