തലശേരി: വടക്കേ മലബാറിലെ നിര്‍മാണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച പ്രമുഖ കരാറുകാരന്റെ ഭാര്യയും മകളും വീട്ടുതടങ്കലില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ കരാറുകാരന്റെ ഭാര്യക്കും മകള്‍ക്കും പേരക്കുട്ടിക്കും അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ വിറ്റഴിച്ചു. കരാറുകാരന്റെ ഭാര്യയും മകളും താമസിച്ചിരുന്ന നഗരത്തിലെ ആഡംബര വീടും വിദേശ മലയാളിക്ക് വിറ്റു. ഇതോടെ ഈ കുടുംബത്തിന്റെ ഭാവി അനിശ്ചിത്വത്തിലായി.
“അമ്മയും മകളും വീട്ടു തടങ്കലിലാണ്. ഒരു മുറിയില്‍ മുഖാമുഖം നോക്കി ദിവസങ്ങള്‍ തള്ളി നീക്കുകയാണ് ഇരുവരും. വീട് നോക്കാനെത്തിയവരോട് പോലും ഒരു വാക്ക് സംസാരിക്കാന്‍ ഇരുവരെയും അനുവദിക്കുന്നില്ല. കാരാറുകാരന്റെയോ ഭാര്യയുടേയോ ബന്ധുക്കളെ വീട്ടിലേക്ക് കടത്തി വിടുന്നില്ല. ആരെങ്കിലും വീട്ടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ വളര്‍ത്തു നായയെ അഴിച്ചു വിടും.
ആ വീട് ഇപ്പോള്‍ ഒരു മരണ വീടു പോലെയാണ്.പേടിയാകുന്നു ആ വലിയ മനുഷ്യന്റെ ഭാര്യയെയും മകളെയും കുറിച്ചാലോചിക്കുമ്പാള്…’ വീട് കച്ചവടമാക്കാനെന്ന വ്യാജേന അവിടെ എത്തിയ കോഴിക്കോട് സ്വദേശിയായ ഒരു പ്രമുഖന്റെ ഫോണ്‍ സന്ദേശത്തിലെ വാക്കുകളാണിത്.
കാരാറുകാരന്റെ വീട്ടില്‍ പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്ന ജീവനക്കാരെയെല്ലാം പറഞ്ഞു വിട്ട ശേഷമാണ് കുടുംബത്തെ വീട്ട് തടങ്കലിലാക്കിയിട്ടുള്ളത്. ഇപ്പോള്‍ സ്വത്ത് തട്ടിയെടുത്തു കൊണ്ടിരിക്കുന്ന സംഘത്തിന്റെ കീഴിലുള്ള ഗുണ്ടാ സംഘമാണ് വീടിന്റെ നിയന്ത്രണമെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രമുഖരായ നേതാക്കളെല്ലാമായി അടുത്ത സൗഹൃദം പുലര്‍ത്തി വന്നിരുന്ന കരാറുകാരന് മരണമടഞ്ഞതിനു ശേഷം ആ വീട്ടിലേക്ക് നേതാക്കളെയോ നാട്ടുകാരേയോ അടുപ്പിച്ചിരുന്നില്ല. കരാറുകാരന്റെ ഭാര്യക്കും മകള്‍ക്കും പേരക്കുട്ടിക്കും അവകാശം വരുന്ന തരത്തില്‍ രേഖകളുള്ള സ്വത്തുക്കള്‍ കൃത്രിമ രേഖകളുണ്ടാക്കി അതീവ രഹസ്യമായിട്ടാണ് വിറ്റഴിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.
കരാറുകാരന് മരണമടഞ്ഞപ്പോള്‍ ഉണ്ടായ സ്വത്ത് തര്‍ക്കങ്ങള്‍ ഭരണ കക്ഷിയിലെ പ്രമുഖ നേതാക്കള്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയാണ് പരിഹരിച്ചത്.