കൊല്ലം: ഉത്സവകാല സ്പെഷലായി ഓടിച്ച 02198 ജബൽപുർ – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് പ്രതിവാര ട്രെയിൻ വീണ്ടും സർവീസ് നീട്ടിയതായി വെസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ അറിയിച്ചു. ജനുവരി 12 ,19, 26, ഫെബ്രുവരി രണ്ട്, ഒമ്പത്, 16, 23, മാർച്ച് ഒന്ന്, എട്ട്, 15, 22, 29 ( എല്ലാം വെള്ളി) എന്നിങ്ങനെയാണ് സർവീസ് നീട്ടിയിട്ടുള്ളത്. ജബൽപൂരിൽ നിന്ന് രാത്രി 11.50 ന് പുറപ്പെടുന്ന വണ്ടി മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് 2.40 ന് കോയമ്പത്തൂരിൽ എത്തും.
02197 കോയമ്പത്തൂർ – ജബൽപുർ ട്രെയിൻ ജനുവരി 15, 22, 29, ഫെബ്രുവരി അഞ്ച്, 12, 19, 26, മാർച്ച് നാല്, 11, 18, 28, ഏപ്രിൽ ഒന്ന് എന്നീ തീയതികളിലും ( എല്ലാം തിങ്കൾ ) ഓടും. കോയമ്പത്തൂരിൽ നിന്ന് വൈകുന്നേരം 5.05 – ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം രാവിലെ 8.45 ന് ജബൽപുരിൽ എത്തും.
ഇരുദിശയിലും 12 സർവീസുകളാണ് അധികമായി ഏർപ്പെടുത്തിയിട്ടുള്ളത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു.
കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
യശ്വന്ത്പുർ- കൊച്ചുവേളി സ്പെഷൽ നാളെ
കൊല്ലം: ഉത്സവകാല തിരക്ക് പ്രമാണിച്ച് സൗത്ത് സെൻട്രൽ റെയിൽവേ നാളെ യശ്വന്ത്പൂർ-കൊച്ചുവേളി റൂട്ടിൽ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ ഓടിക്കും.
06235 യശ്വന്ത്പൂർ – കൊച്ചുവേളി എക്സ്പ്രസ് നാളെ രാത്രി 11.55 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 7.10 – ന് കൊച്ചുവേളിയിൽ എത്തും.
06236 കൊച്ചുവേളി-യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിൻ രാത്രി പത്തിന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 4.30 ന് യശ്വന്ത്പൂരിൽ എത്തും.
ഫസ്റ്റ് ക്ലാസ് ഏസി – ഒന്ന്, ഏസി ടൂടയർ – രണ്ട്, ഏസി ത്രീടയർ – ആറ്, സ്ലീപ്പർ ക്ലാസ് – എട്ട്, ജനറൽ സെക്കന്റ് ക്ലാസ് – രണ്ട്, പാൻട്രി കാർ – ഒന്ന് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ഹിമസാഗർ റദ്ദാക്കി
കൊല്ലം: ഇന്ന് ഉച്ചകഴിഞ്ഞ് 2.15 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട വൈഷ്ണോദേവി കത്ര ഹിമസാഗർ എക്സ്പ്രസ് ( കോട്ടയം വഴി ) റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ജനുവരി 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും ഹിമസാഗർ സർവീസ് നടത്തില്ല.
കൊച്ചുവേളി-യോഗ് നാഗരിക് ഋഷികേശ് എക്സ്പ്രസും ഇന്ന്, 19, 26, ഫെബ്രുവരി രണ്ട് തീയതികളിൽ റദ്ദ് ചെയ്തിട്ടുണ്ട്.
ഇന്ന് രാത്രി പത്തിന് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് നിലവിൽ 17 മണിക്കൂർ വൈകി ഓടുന്നതായും റെയിൽവേ അധികൃതർ അറിയിച്ചു.
എസ്.ആർ. സുധീർ കുമാർ