പത്തനാപുരം (കൊല്ലം): ഹോട്ടൽ വെയ്റ്ററില്നിന്നു ഫയര്‍ഫോഴ്സിലേക്കും അവിടെ നിന്നു സിവില്‍ സര്വീസിലേക്കുമെത്തിയ ആശിഷ് ദാസിന്റെ വിജയത്തിന് തിളക്കമേറെ.
സിവിൽ സർവീസിൽ 291-ാം റാങ്ക് നേടിയ കൊല്ലം മുഖത്തല ആശിഷ് ഭവനിൽ ആശിഷ്ദാസ് എന്ന മുപ്പത്തിരണ്ടുകാരന്റെ ജീവിതം ആരിലും അദ്ഭുതം ജനിപ്പിക്കും.
അമ്മ റോസമ്മ സ്കൂളില്‍ ഹെല്‍പ്പറാണ്. പിതാവ് യേശുദാസ് സൗദിയിലും. ഇവരുടെ ഏകമകനായ ആശിഷിന് ബാല്യത്തില്‍ വലിയ സ്വപ്നങ്ങളൊന്നുമില്ലായിരുന്നു. പത്താം ക്ലാസില്‍ ഡിസ്റ്റിംഗ്ഷന്‍ നേടിയെങ്കിലും പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷകൾക്കു മാർക്ക് തീരെ കുറഞ്ഞു.
അങ്ങനെയിരിക്കെ, ഫയര്ഫോഴ്സിലേക്കുള്ള പി എസ്സി പരീക്ഷയില്‍ അവസാന റാങ്കുകാരനായി കടന്നുകൂടി. 2012 ൽ ഫയര്‍ഫോഴ്സില്‍ പ്രവേശിച്ച ആശിഷ് അഞ്ച് വര്‍ഷമായി സിവില്‍ സര്‍വീസിന് ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ തവണ അഭിമുഖ പരീക്ഷയിലാണ് പുറത്തായത്. ആവണീശ്വരം അഗ്നിശമന സേനാ ഓഫീസിലെ പരിമിതികള്‍ക്കുള്ളിലും പഠനം വ്രതമാക്കി മാറ്റിയ ആശിഷ് മറ്റ് സഹപ്രവര്‍ത്തകര്‍ക്കും മാതൃകയായി. ബംഗളൂരുവില്‍ നിന്നാണ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദം നേടിയത്.
കൊല്ലത്ത് സായാഹ്ന ഹോട്ടലില്‍ സപ്ലെെയറായും കാറ്ററിംഗിന് പോയുമൊക്കെയാണ് സ്വന്തം ആവശ്യത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
അഞ്ചു വർഷമായി പത്തനാപുരം ഫയർ സ്റ്റേഷനിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറാണ് ആശിഷ്. ജോലിയിലിരുന്നു കൊണ്ട് എഡ്യൂക്കേഷൻ ലീവെടുത്ത് എംബിഎയും പാസായി. ഭാര്യ സൂര്യ സൗദിയിൽ നഴ്സാണ്. ഏക മകൾ അമേയയ്ക്ക് പ്രായം ഏഴുമാസം.