തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി ബന്ധമുണ്ടെന്നു പറയപ്പെടുന്ന തിരുവനന്തപുരത്ത് ചാക്കയ്ക്കു സമീപമുള്ള ഫ്ളാറ്റിൽ കസ്റ്റംസ് സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു പരിശോധന.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസ് സംഘത്തിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റിൽ പരിശോധന നടത്തിയത്.
ഈ ഫ്ളാറ്റിൽ വച്ചാണു വിദേശത്തേക്ക് കടത്താനുള്ള ഡോളർ അടങ്ങിയ ബാഗ് തനിക്ക് നൽകിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു കസ്റ്റംസ് സംഘത്തിന്റെ പരിശോധന നടന്നത്.
കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിൽനിന്നുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. പരിശോധന രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്നു.
ഫ്ളാറ്റ് മറ്റൊരാളുടെ പേരിലാണെങ്കിലും ഉടമ താനാണെന്നാണ് സ്പീക്കർ പറഞ്ഞിരുന്നതെന്ന് സ്വപ്ന കസ്റ്റംസിനു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
ഇതിനിടെ, തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ച സ്പീക്കറെ ചോദ്യംചെയ്തു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യൽ അഞ്ചു മണിക്കൂർ ദീർഘിച്ചു.
സ്പീക്കറുടെ വിശദമായ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പീക്കറിൽ നിന്നും മൊഴിയെടുത്തത്.
ഡോളർ കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യലെന്നാണു കസ്റ്റംസ് വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന.
ചോദ്യം ചെയ്യലിനു കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നു കാട്ടി നേരത്തെ രണ്ടു തവണ സ്പീക്കർക്കു കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം പല കാരണങ്ങൾ പറഞ്ഞ് ഒഴിവായിരുന്നു.
യാത്ര ചെയ്യുന്നതിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് കസ്റ്റംസ് അധികൃതർ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തത്.
സ്ഥിരീകരിച്ച് സ്പീക്കറുടെ ഓഫീസ്
തിരുവനന്തപുരം: ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തതായി സ്ഥിരീകരിച്ചു സ്പീക്കറുടെ ഓഫീസ്.
സ്പീക്കറുടെ സൗകര്യം ചോദിച്ചറിഞ്ഞ് കസ്റ്റംസ് വേണ്ട വിശദീകരണം തേടിയതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
നിയമസഭാ സ്പീക്കറിൽനിന്നും ആവശ്യമായ വിശദീകരണം നൽകുന്ന കാര്യത്തിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന പലതരം ഊഹാപോഹങ്ങൾ ശരിയല്ലെന്നും ആവശ്യമായ എല്ലാ വിവാദങ്ങൾക്കും വിശദീകരണം നൽകാൻ തയാറാണെന്നും നേരത്തെതന്നെ സ്പീക്കർ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഓഫീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഇതിനു മുൻപ് ഒരു തവണ മാത്രമേ നോട്ടീസ് നൽകിയിട്ടുള്ളുവെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
സ്പീക്കർക്ക് കോവിഡ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പിന്നാലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ കഴിയുന്ന അദ്ദേഹം, ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറയിച്ചത്.
അടുത്ത ദിവസങ്ങളിൽ താനുമായി സന്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം നിർദേശിച്ചു.