കെ. മിഥുൻ
കണ്ണൂർ: സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമേ… അനിൽ പനച്ചൂരാന്റെ ഈ വരികൾ അന്വർഥമാക്കുകയാണ് അധികാര രാഷ്ട്രീയത്തിൽ സ്ത്രീ പ്രാതിനിധ്യം. 2021ല്‍ എങ്കിലും ഇതിന് ഒരു മാറ്റം വരുമോ?. ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
എട്ടില്‍ രണ്ടു മന്ത്രി
2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീസ്ഥാനാർഥികളുടെ എണ്ണം 105, വിജയിച്ചത് എട്ടുപേർ. ഇതിൽ രണ്ടുപേർ മന്ത്രിമാരായി. യുഡിഎഫിന് ഒരു വനിതാസ്ഥാനാർഥിയെപോലും ജയിപ്പിക്കാൻ സാധിച്ചില്ല.
2016 തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിൽ ഒന്പതിടത്താണ് കോൺഗ്രസിന് വനിതാസ്ഥാനാർഥികൾ ഉണ്ടായിരുന്നത്.
ഇതിൽ മാനന്തവാടിയിൽ മത്സരിച്ച മുൻ മന്ത്രി പി.കെ. ജയലക്ഷ്മി മാത്രമേ വിജയത്തിന് അടുത്തുപോലും എത്തിയുള്ളൂ. 2019 അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചത് ഇതിനു പിന്നീടുണ്ടായ അപവാദം.
സിപിഎം 12 സ്ഥലങ്ങളിൽ വനിതകളെ നിർത്തിയപ്പോൾ അഞ്ചുപേർ വിജയിച്ചു. കെ.കെ. ശൈലജ (കൂത്തുപറമ്പ്), യു. പ്രതിഭ (കായംകുളം), വീണാ ജോര്‍ജ് (ആറന്മുള), ജെ. മേഴ്സിക്കുട്ടിയമ്മ (കുണ്ടറ), ആയിഷാ പോറ്റി (കൊട്ടാരക്കര) എന്നിവരാണു വിജയിച്ചത്.
മേരി തോമസും കെ.കെ. ലതികയും നേരിയ വോട്ടിന് പരാജയപ്പെട്ടു. സിപിഐ നാലുപേരെ മത്സരരംഗത്തിറക്കിയതിൽ മൂന്നുപേർ വിജയിച്ചു- ഗീത ഗോപി (നാട്ടിക), ഇ.എസ്. ബിജിമോള്‍ (പീരുമേട്), സി.കെ. ആശ (വൈക്കം).
ബിജെപി പത്തുപേരെ മത്സരിപ്പിച്ചെങ്കിലും പാലക്കാട് മത്സരിച്ച ശോഭ സുരേന്ദ്രനു മാത്രമേ വോട്ട് പിടിക്കാനായുള്ളു. ഇവിടെ ശോഭ രണ്ടാം സ്ഥാനത്ത് എത്തി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിക്കുന്നവരാണ് മുസ്ലിം ലീഗ്. എന്നാല്‍ പേരിനുപോലും വനിതാ സ്ഥാനാര്ഥിയുണ്ടാകാറില്ല.
അന്നുമിന്നും ഇങ്ങനെതന്നെ!
1957 മുതലുള്ള കേരളരാഷ്ട്രീയത്തില്‍ അധികാര രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിട്ടില്ല.
1957ല്‍ ഒന്‍പത് സ്ത്രീകള്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് ആറുപേര്‍ മാത്രം. കെ.ആര്. ഗൗരിയമ്മ അന്ന് റവന്യൂ മന്ത്രിയാകുകയും ചെയ്തു.
1960ല്‍ 13 വനിതകള്‍ മത്സരിച്ചപ്പോള്‍ ഏഴു പേരാണു ജയിച്ചത്.1965ല്‍ പത്തുപേര്‍ മത്സരിച്ചതില്‍ രണ്ടുപേര്‍ വിജയിച്ചു.
പക്ഷേ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ അന്ന് നിയമസഭ കൂടിച്ചേരാന്‍ കഴിഞ്ഞില്ല. 1967ല്‍ ഏഴുപേര്‍ മത്സരിച്ചതില്‍ കെ.ആര്. ഗൗരിയമ്മ മാത്രമാണ് വിജയം കണ്ടത്.
1957 മുതല്‍ കേരളരാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം പരിശോധിച്ചാല്‍ അടുത്തിടെ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്.
എന്നാല്‍ പേരിന് കുറച്ച് സ്ത്രീകള്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ജയിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. 2011 ആയപ്പോള്‍ 83 സ്ത്രീകള്‍ മത്സരിച്ചതില്‍ വെറും ഏഴുപേര്‍ മാത്രമാണ് നിയമസഭ കണ്ടത്.
ആറു പതിറ്റാണ്ടായിട്ടും കേരളരാഷ്ട്രീയത്തില്‍ സ്ത്രീകള്‍ അവഗണനയുടെ പാതയില്‍തന്നെയാണ്. തദ്ദേശസ്ഥാപനങ്ങളിൽ വനിതാസാന്നിധ്യം സജീവമാണെങ്കിലും ഇവരിൽ പലരും അവിടെത്തന്നെ ഒതുങ്ങുകയാണ്.
സ്ഥാനാര്‍ഥികളുണ്ട്, ജയിക്കാറില്ല
1996ലെ നിയമസഭയില്‍ 10.23 ശതമാനം വനിതാപ്രാതിനിധ്യമാണുണ്ടായിരുന്നത്. എന്നാല്‍ 2016ല്‍ ഇത് 6.06 ശതമാനമായി കുറഞ്ഞു. വനിതാസ്ഥാനാര്ഥികളുടെ എണ്ണം ഇരട്ടിച്ചെങ്കിലും വിജയിക്കാനായില്ല.
2011ലെ തെരഞ്ഞെടുപ്പില്‍ 83 വനിതാസ്ഥാനാര്ഥികളാണുണ്ടായിരുന്നത്. 2016ല്‍ അത് 105 ആയി ഉയര്‍ന്നു. തെരഞ്ഞെടുപ്പിലെ വനിതാവോട്ടര്‍മാരുടെ എണ്ണം പുരുഷന്മാരേക്കാള് കൂടുതലാണ്.
സ്ത്രീകള്‍ ഭരിക്കേണ്ടെന്ന പുരുഷമേധാവിത്വ ബോധത്തില്‍നിന്നു തന്നെയാണ് പരാജയങ്ങളുണ്ടാകുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.