വധശിക്ഷകൾ വേണോ വേണ്ടയോ എന്നൊക്കെയുള്ള ചർച്ചകൾ സജീവമായി നടക്കുന്ന കാലമാണ്. എന്തായാലും അമേരിക്കയിലെ 2022 ലെ ആദ്യത്തെ വധശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ്.
മോഷണത്തിനിടെ ഇരട്ടക്കൊല നടത്തിയാളുടെ വധശിക്ഷ നടപ്പാക്കി ഈ വർഷത്തെ ആദ്യ വധശിക്ഷ അമേരിക്കയിൽ അരങ്ങേറിയത്. ഒക്ലഹോമയിൽ കുത്തിവയ്പിലൂടെയാണ് ആദ്യ വധശിക്ഷ നടപ്പാക്കിയത്.
ഡൊണാൾഡ് ഗ്രാന്റ് എന്ന തടവുകാരനാണ് ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്കു വിധേയനായ ആദ്യ തടവുകാരൻ.
കാമുകിക്ക് വേണ്ടി
തടവിൽ കിടക്കുന്ന കാമുകിയെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് ഡൊണാൾഡ് ഗ്രാന്റ് ഒരു ഹോട്ടൽ കൊള്ളയടിക്കാൻ തീരുമാനിച്ചത്.
2001ൽ ആയിരുന്നു അന്ന് ഇരുപത്തഞ്ച് വയസുണ്ടായിരുന്ന ഡൊണാൾഡ് മോഷണത്തിന് ഇറങ്ങിത്തിരിച്ചത്.
മോഷണം ചെറുക്കാൻ ശ്രമിച്ച രണ്ടു ഹോട്ടൽ ജീവനക്കാരെ കൊലപ്പെടുത്തിയെന്നുള്ളതാണ് ഇയാളുടെ പേരിലുള്ള കുറ്റം. ആദ്യത്തെയാളുടെ നേരെ വെടിയുതിർത്തു വധിച്ചു.
രണ്ടാമത്തെയാളെ കത്തിയാക്രമണത്തിലൂടെ കൊലപ്പെടുത്തി. 2005ലാണ് ഇയാളെ വധശിക്ഷയ്ക്കു കോടതി വിധിച്ചത്.
തള്ളിയ അപ്പീലുകൾ
തുടർന്നു നിരവധി അപ്പീലുകൾ നൽകിയിരുന്നു. പ്രതിക്ക്, ബുദ്ധിപരമായ പോരായ്മ, ആൾക്കഹോൾ സിൻഡ്രോം, മസ്തിഷ്കാഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ടെന്ന് ഉന്നയിച്ചു നൽകിയ അപ്പീലുകളെല്ലാം കോടതി തള്ളിയതോടെയാണ് വധശിക്ഷയ്ക്കു കളമൊരുങ്ങിയത്.
തെക്കൻ യുഎസ് സംസ്ഥാനമായ ഒക്ലഹോമയിലെ വധശിക്ഷാ രീതിയെക്കുറിച്ചുള്ള പ്രതിയുടെ അവസാന അപ്പീൽ യുഎസ് സുപ്രീം കോടതി ബുധനാഴ്ച നിരസിച്ചു.
ഇപ്പോൾ 46 വയസുള്ള ഗ്രാന്റിന് മക്അലെസ്റ്ററിലെ ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽനിന്നു മാരകമായ മൂന്നു വിഷമരുന്നു ചേർത്തുള്ള ഒറ്റ കുത്തിവയ്പാണ് നൽകിയത്.
അസഹനീയമായ വേദന
അതിമാരകമായ ഈ സംയുക്തം പ്രതികൾക്ക് അസഹനീയമായ വേദന ഉണ്ടാക്കുന്നതായി സംശയിക്കപ്പെടുന്നുണ്ട്.
ഒക്ടോബർ അവസാനത്തിൽ, ആദ്യത്തെ കുത്തിവയ്പ്പിനു ശേഷം ഒരു തടവുകാരനു ഹൃദയാഘാതം സംഭവിക്കുകയും നിരവധി തവണ ഛർദ്ദിക്കുകയും ചെയ്തു.
ഗ്രാന്റിന്റെ വധശിക്ഷയ്ക്കിടെ അത്തരത്തിലുള്ള ഒന്നും സംഭവിച്ചില്ല.
അമേരിക്കയിൽ വർഷം തോറും നടപ്പിലാക്കുന്ന വധശിക്ഷകളുടെ എണ്ണം സമീപ വർഷങ്ങളിൽ കുറഞ്ഞുവരികയാണ്.
വധശിക്ഷകൾ കൂടുതൽ
23 യുഎസ് സംസ്ഥാനങ്ങളിൽ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. കാലിഫോർണിയ, ഒറിഗോൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ വധശിക്ഷയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ലഹോമയിൽ വധശിക്ഷകളുടെ എണ്ണം കൂടുതലാണ്. തുടർച്ചയായ വധശിക്ഷകൾ മൂലം 2015ൽ സംസ്ഥാനത്തു വധശിക്ഷയ്ക്കു താത്കാലിക മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, 2021ൽ മൊറട്ടോറിയം എടുത്തുകളഞ്ഞു