നമ്മുടെ നാട്ടിലെ ചില മുത്തശിമാർ പറയുന്നത് കേട്ടിട്ടില്ലേ, “ഓ… ഈ പ്രസവമൊന്നും വലിയ കാര്യമല്ല.
ഞാനെന്റെ പത്താമത്തെ കൊച്ചിനെ ഗർഭിണിയായിരുന്നപ്പൊ ഒരു ദിവസം നെല്ലു കുത്തുന്നതിനിടയിൽ ഒരു വേദന ഇങ്ങുവന്നു.
ഞാൻ ആ ഉലക്ക ഒരു മൂലയിലേക്ക് ചാരി വച്ചിട്ട് അകത്തേക്ക് കയറി പ്രസവിച്ചിട്ട് വന്നു ബാക്കി നെല്ലും കൂടിയങ്ങ് കുത്തി’ എന്നൊക്കെ.
ഇതൊക്കെ യഥാർഥത്തിലുള്ളതാണോ? അങ്ങനെയൊക്കെ പറ്റുമോ? തുടങ്ങി പല സംശയങ്ങളും പുതിയ തലമുറയ്ക്കുണ്ടാകാം.
പുതിയ തലമുറയിൽ ഇത്തരം കഥകളൊന്നും കേട്ടുകേൾവി പോലുമില്ല. എല്ലാവരും തന്നെ ആശുപത്രിയിലാണ് പ്രസവിക്കുന്നത്.
എന്നാൽ, ഈ ആധുനിക കാലത്ത് ഒൻപതിൽ എട്ടുമക്കളെയും വീട്ടിൽ പ്രസവിച്ച അമ്മ അതും ഒരു പരിഷ്കൃത രാജ്യത്ത്.
ഇതൊക്കെ എല്ലാവർക്കും പറ്റുമെന്നാണ് നാൽപ്പത്തിയാറുകാരിയും ഒൻപതു കുട്ടികളുടെ അമ്മയുമായ അമാൻഡ പറയുന്നത്.
താരമായ അമ്മ
ഒൻപതു മക്കളിൽ എട്ടുപേരെയും അമാൻഡ പ്രസവിച്ചത് വീട്ടിലാണെന്നു മാത്രമല്ല അവരെ താരമാക്കുന്നത്.
മക്കൾക്കു മുലപ്പാൽ നൽകിത്തന്നെ വളർത്തണമെന്ന നിർബന്ധവും അമാൻഡയ്ക്കുണ്ടായിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി അമാൻഡ തുടർച്ചയായി മുലയൂട്ടിക്കൊണ്ടിരിക്കുകയാണ്.
ശരീര സൗന്ദര്യനോക്കി കുഞ്ഞുങ്ങൾക്കു മുലപ്പാൽ നൽകാതിരിക്കുന്ന അമ്മമാർക്കിടയിൽ താരമാകാൻ ഇത്രയും പോരെ?
ഇപ്പോൾ അമാൻഡയുടെ മൂത്ത മകൻ റാവന് ഇരുപതു വയസും ഒൻപതാമത്തെ കുഞ്ഞ് നാൻസിക്കു നാലു വയസുമായി.
ഇപ്പോൾ ഇംഗ്ലണ്ടിലെ റാവൻസീറ്റ് ഫാമിൽ അമ്മയും അച്ഛനും ഒൻപതു മക്കളുമടങ്ങുന്ന ആ കുടുംബം സന്തോഷത്തോടെ കഴിയുന്നു.
സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ പലരും അമാൻഡയോടു മുലയൂട്ടുന്നതു നിർത്തി കുപ്പിപ്പാൽ കൊടുത്തു ശീലിപ്പിക്കണമെന്നു പറഞ്ഞെങ്കിലും അവർ അതിനു തയാറായില്ല.
കുപ്പിപ്പാലിനേക്കാൾ എളുപ്പം മുലയൂട്ടുന്നതാണെന്നും അത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂട്ടുമെന്നും അമാൻഡ പറയുന്നു.
മറക്കാത്ത ആ പ്രസവം!
വീട്ടിൽനിന്ന് ഏറെ അകലെയുള്ളആശുപത്രിയിലേക്ക് അവസന നിമിഷം മറ്റുകുഞ്ഞുങ്ങളെയും എടുത്തുള്ള ഓട്ടം സുഖകരമല്ലെന്നു തോന്നിയതിനാലാണു പ്രസവങ്ങൾ വീട്ടിൽ തന്നെയാകാമെന്ന് അമാൻഡ തീരുമാനിച്ചത്.
പ്രസവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാൽ അമാൻഡ പറയും എട്ടാമത്തെ പ്രസവമെന്ന്. ” ആ ദിവസം എനിക്കെന്നും പ്രിയപ്പെട്ടതായിരിക്കും.
വേദന തുടങ്ങിയപ്പോൾ തന്നെ എനിക്കു മനസിലായിരുന്നു കുഞ്ഞ് അധികം വൈകാതെ എത്തുമെന്ന്. ഏഴു കുഞ്ഞുങ്ങളെ പ്രസവിച്ചു പരിചയമുള്ളതിനാൽ എട്ടാമത്തെ പ്രസവം സ്വയം നോക്കാമെന്നു കരുതി.
വേദന തുടങ്ങുന്പോൾ ഞാനും ക്ലൈവും മുകളിലെത്തെ നിലയിൽ ഞങ്ങളുടെ കിടപ്പുമുറിയിലായിരുന്നു.
ക്ലൈവ് നല്ല ഉറക്കത്തിലായിരുന്നു. അദ്ദേഹത്തെ ഉണർത്താതെ ഞാൻ താഴേക്കിറങ്ങി. ചൂടുവെള്ളമുൾപ്പെടെ ആവശ്യമുള്ളതെല്ലാം ഞാൻ അടുപ്പിച്ചു.
അന്നെനിക്കു കൂട്ടായിട്ടുണ്ടായിരുന്നത് എന്റെ പ്രിയപ്പെട്ട വളർത്തു നായ ടെറിയർ മാത്രമാണ്. അധികം വൈകാതെ തന്നെ ഞാൻ ക്ലെമിക്കു ജന്മം നൽകി.
പ്രസവ ശേഷം ക്ലെമിയുമായി മുകളിലെത്തിയാണ് ക്ലൈവിനെ ഉണർത്തിയത്.’ അഞ്ചു വർഷം കഴിഞ്ഞെങ്കിലും ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണത്.
അത്രയും സമാധനത്തോടെ ഞാൻ ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ല എന്നതാണ് സത്യം.
1996ൽ ആണ് ക്ലൈവും അമാൻഡയും കണ്ടുമുട്ടിയത്. ക്ലൈവിന്റെ ഫാമിൽ പരിശീലനത്തിനായി എത്തിയതായിരുന്നു അമാൻഡ.
അന്ന് ആരംഭിച്ച പ്രണയം അറുപത്തിയേഴാം വയസിൽ ക്ലൈവിന്റെയുള്ളിലും നാൽപ്പത്തിയാറാമത്തെ വയസിൽ അമാൻഡയുടെയുള്ളിലും നിറഞ്ഞു നിൽക്കുന്നു.
ഔവർ യോക്ക്ഷൈർ ഫാം എന്ന പരിപാടിയിലൂടെ ക്ലൈവിന്റെയും അമാൻഡയുടെയും ഒൻപതു മക്കളുടെയും ജീവിതം കാണുന്ന ആരാധകർ പറയുന്നു- ഭൂമിയിലും സ്വർഗമുണ്ട്.