കോട്ടയം: ജനാധിപത്യത്തിലുണ്ടാകുന്ന തെറ്റുകളെ തിരുത്തുന്നതിന് മാധ്യമപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി വീണാ ജോർജ്.
പള്ളം ബിഷപ് സ്പീച്ച്ലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ‘മീഡിയ ഡൈനാമിക്സ്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മാധ്യമപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞ മേഖലയാണ്. സമൂഹത്തിൽ മാറ്റംവരുത്തുവാനും നീതിനിഷേധത്തിനെതിരെയും അവകാശലംഘനങ്ങൾക്കെതിരെയും സംസാരിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തന്റെ മുൻകാല മാധ്യമപ്രവർത്തന അനുഭവങ്ങൾ വിദ്യാർഥികളുമായി മന്ത്രി പങ്കുവെച്ചു. ചടങ്ങിൽ കോളജിലെ വിമൻസ് സെല്ലിന്റെ ഉദ്ഘാടനവും മന്ത്രി തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളുടെ വിവിധ ചോദ്യങ്ങൾക്ക് മന്ത്രി മറുപടികൾ നൽകി. മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമിച്ച വൺ മിനിറ്റ് ന്യൂസ് ബുള്ളറ്റിന്റെ പ്രകാശനം ബർസാർ റവ. സജി കെ.സാം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ആശാ സൂസൻ ജേക്കബ്, മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി എ.ആർ ഗിൽബർട്ട്, ലോക്കൽ മാനേജർ ഫാ. എബ്രഹാം സി. പ്രകാശ്, ഡോ. പോൾ മണലിൽ, അധ്യാപകരായ അനു അന്ന ജേക്കബ്, നന്ദഗോപൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.