ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: മേൽവിലാസമില്ലാതെ മാസങ്ങളോളം പോസ്റ്റായി കിടക്കുകയാണ് പുതിയ സ്പീഡ് പോസ്റ്റോഫീസ് കെട്ടിടം. നിർമാണം കഴിഞ്ഞെങ്കിലും മഴയും വെയിലുംകൊണ്ട് കാടുപിടിച്ചു കിടക്കാനാണ് ദുർവിധി.
ഇതിനുള്ളിലേക്ക് തപാൽ ഉരുപ്പിടികൾ എന്നെത്തുമെന്ന് ഒരു പോസ്റ്റുമാനും അറിയില്ല.പട്ടാളം റോഡിൽനിന്ന് ശക്തൻ സ്റ്റാൻഡിലേക്ക് ഇറങ്ങുന്പോൾ ഇടതുവശത്താണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്.
വിശാലമായ ഷെഡുമുണ്ട്. ഇതിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തുരുന്പെടുത്ത തപാൽപെട്ടിയും ഒഴിഞ്ഞ മദ്യക്കുപ്പികളും കാണാം.
കാടുപിടിച്ചു കിടക്കുന്ന കോന്പൗണ്ടിനുള്ളിൽ എപ്പോൾ വേണമെങ്കിലും വീഴാവുന്ന ഉണങ്ങിയ വലിയൊരു മരമുണ്ട്. മുൻവശത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നവർക്ക് മരം ഭീഷണിയാണ്.
വൈകുന്നേരമായാൽ സ്ത്രീകളടക്കമുള്ള യാത്രക്കാർക്കു നേരെയാണ് ഇതിനകത്തെ സാമൂഹ്യവിരുദ്ധർ. നഗരമധ്യത്തിൽതന്നെ ഒരു ഗുണ്ടാത്താവളമായി മാറിയിരിക്കുകയാണിവിടം.
സമീപത്ത് പോലീസ് ആസ്ഥാനുമുണ്ടെങ്കിലും അവർക്കുപോലും തലവേദനയാണ് ഇൗ കെട്ടിടം.പട്ടാളം റോഡ് വികസനത്തിനായി പൊളിച്ചുമാറ്റിയ പഴയ പോസ്റ്റോഫീസിനു പകരം ഒരുകോടിയോളം ചെലവിട്ടാണ് കോർപറേഷൻ പുതിയ കെട്ടിടം നിർമിച്ചുനൽകിയത്.
തപാൽ വകുപ്പിന്റെ നിർദേശപ്രകാരം ഇരുനിലകളിലായി 3,675 സ്ക്വയർഫീറ്റിൽ വൈദ്യുതി കണക്ഷനടക്കമുള്ള ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്.
2019 ജൂണിൽ പഴയ കെട്ടിടം പൊളിച്ചപ്പോൾ തന്നെ 16.5 സെന്റ് സ്ഥലം പുതിയ കെട്ടിടത്തിനായി നല്കിയിരുന്നു.എസ്റ്റിമേറ്റ് നടപടികളും കോവിഡ് ലോക്ഡൗണും നിർമാണപ്രവൃത്തികൾ വൈകിപ്പിച്ചു.
എന്നാലിപ്പോൾ നിർമാണം പൂർത്തി യായിട്ടും സ്പീഡ് പോസ്റ്റോഫീസ് പ്രവർത്തനം കോർപറേഷൻ ഒാഫീസിനു സമീപമുള്ള ഇടുങ്ങിയ സൗകര്യത്തിലാണ്.
പുതിയ കെട്ടിടത്തിലേക്ക് എത്രയുംപെട്ടന്ന് ഒാഫീസ് മാറ്റണമെന്ന് ജീവനക്കാർ ആവശ്യ പ്പെടുന്നു.