ചങ്ങനാശേരി: കൊച്ചുവേളി-കാസർഗോഡ് അതിവേഗ റെയിൽപ്പാതയ്ക്കെതിരേ ജനരോഷം ശക്തമാകുന്നു. പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്പോൾ ഭൂമി നഷ്ടമാകുന്നവരുടെ യോഗം മാടപ്പള്ളിയിൽ ചേർന്ന് ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചു.
കൊച്ചുവേളി മുതൽ കൊല്ലം വരെയും തിരൂർ മുതൽ കാസർഗോഡുവരേയും നിലവിലുള്ള റെയിൽപാതയിലൂടെയും കൊല്ലം മുതൽ തിരൂർവരെ ജനവാസകേന്ദ്രങ്ങളിലെ സ്ഥലം ഏറ്റെടുത്തും പാത നിർമിക്കാനാണ് കേരളസർക്കാരിന്റെ തീരുമാനം.
ഇതുമൂലം ഇരവിപേരൂർ, കുന്നന്താനം, മാടപ്പള്ളി, വാകത്താനം, പനച്ചിക്കാട് തുടങ്ങിയ പഞ്ചായത്ത് പരിധികളിലൂടെ പാത കടന്നുപോകുന്പോൾ ആയിരക്കണക്കിനു വീടുകൾക്കും ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും നഷ്ടമുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി.
അതിനാൽ നിർദിഷ്ട അലൈൻമെന്റിൽ മാറ്റംവരുത്തി നിലവിലുള്ള പാതയ്ക്കു സമാന്തരമായോ തീരദേശത്തുകൂടിയോ പാത നിർമിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി പങ്കെടുത്തു. ജനങ്ങൾക്ക് ദോഷകരമാകുന്ന തരത്തിലുള്ള റെയിൽപാതയെ സംബന്ധിച്ച് സർക്കാർ പുനഃപരിശോധിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം സൈന തോമസ് ഇതുസംബന്ധിച്ച നിവേദനം എംപിക്കു സമർപ്പിച്ചു.
മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലക്സാണ്ടർ പ്രാക്കുഴി, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം, മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര, കേരള-കോണ്ഗ്രസ് എം ജോസ് വിഭാഗം മണ്ഡലം പ്രസിഡന്റ് എം.എ.മാത്യു, നിധീഷ് കോച്ചേരി, സോബിച്ചൻ അട്ടിക്കൽ, ആൻസി ജോസഫ്, അജിതകുമാരി, മിനിമോൾ റെജി, ബാബു കുട്ടൻചിറ, കുര്യൻ മാപ്പിളശേരി, അപ്പച്ചൻകുട്ടി കപ്യാരുപറന്പിൽ, അപ്പിച്ചൻ എഴുത്തുപള്ളി എന്നിവർ പ്രസംഗിച്ചു.