കടുത്തുരുത്തി: തിരുവനന്തപുരം-കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽവേ കടന്നു പോകുന്ന മുളക്കുളത്ത് പ്രതിഷേധം ശക്തമായി. നൂറുകണക്കിന് കുടുംബാംഗങ്ങൾ മനുഷ്യചങ്ങല തീർത്താണ് പ്രതിഷേധിച്ചത്. സെമി സ്പീഡ് റെയിൽവേ കടന്നുപോകുന്ന കോട്ടയം ജില്ലയിലെ അതിർത്തിയായ മുളക്കുളത്തെ മൂവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്ന നാൽപതോളം വീട്ടുകാർ ഒഴിഞ്ഞു പോകേണ്ടി വരും.
ഇവിടെ സ്ഥതി ചെയ്യുന്ന മത്സ്യകോളനി വഴിയാണ് റെയിൽവേ ലൈൻ കടന്നു പോകുന്നതെന്നാണ് അറിയുന്നത്. ഇതിനായി മുളക്കുളം-വെള്ളൂർ റോഡിൽ മാർക്കും ചെയ്തിട്ടുണ്ട് ഹൈ സ്പീഡ് റെയിൽവേക്കെതിരെ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോന്റെ നേതൃത്വത്തിൽ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചു പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ മുളക്കുളത്ത് നടന്ന മനുഷ്യച്ചങ്ങലയിൽ നൂറുകണക്കിന് വീട്ടുകാർ പങ്കെടുത്തു. തുടർന്ന് നടന്ന യോഗത്തിൽ എം.ടി. തോമസ് മുറംതൂക്കിൽ, പി.ആർ. ശശികുമാർ, രാജേഷ് മുളക്കുളം, ശിവപ്രസാദ് ഇരവിമംഗലം, കെ.ജി. ശിവശങ്കരൻ നായർ എന്നിവർ പ്രസംഗിച്ചു.
മുളക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിൽ മാത്രം നാൽപതോളം വീടുകളാണ് റെയിൽവേപാത വന്നാൽ ഒഴിഞ്ഞ് പോകേണ്ടി വരിക. മുളക്കുളത്തെ മത്സ്യകോളനിയിൽ അഞ്ചും അതിൽ താഴെയും സെന്റ് വസ്തുവിൽ താമസിക്കുന്ന വീട്ടുകാരാണ് ഒഴിഞ്ഞു പോകൽ ഭീഷണി നേരിടുന്നവരിൽ ഏറെയും