കൊല്ലം: മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്ത് അതിവേഗ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ റെയിൽവേ നടപടികൾ ആരംഭിച്ചു. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകളാണ് നിർമിക്കുന്നത്. കോച്ചുകളുടെ രൂപകൽപ്പന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ തുടങ്ങിക്കഴിഞ്ഞു. ഭാരത് ഹെവി എർത്ത് മൂവേഴ്സിനാണ് നിർമാണ ചുമതല.
രൂപകൽപ്പന പൂർത്തിയായതിന് ശേഷം റെയിൽവേ ബോർഡിന്റെ അംഗീകാരം കൂടി ലഭിക്കണം. തുടർന്നായിരിക്കും പദ്ധതിയുടെ സമയക്രമം അന്തിമമായി തീരുമാനിക്കുക. സ്വദേശിവത്ക്കരണം ലക്ഷ്യമിട്ടുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ വിജയകരമായ പൂർത്തീകരണമാണ് തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ എന്ന ആശയവുമായി അതിവേഗം മുന്നോട്ട് വരാൻ റെയിൽവേയെ പ്രേരിപ്പിച്ചത്.
ഒരു ട്രെയിനിന് 100 കോടിയിലധികം രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി 866 .87 കോടി രൂപയുടെ കരാർ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് നൽകിക്കഴിഞ്ഞു.
എയ്റോ ഡൈനാമിക് എക്സ്റ്റീരിയേഴ്സ് ഉള്ള ചെയർകാർ, സീൽ ചെയ്ത ഗാംഗ് വേകൾ, ഓട്ടോമാറ്റിക് വാതിലുകൾ, കാലാവസ്ഥ വ്യതിയാനം അനുസരിച്ചുള്ള താപനില, ആധുനിക വെളിച്ച സംവിധാനവും അഗ്നി രക്ഷാ ഉപകരങ്ങളും, സിസിടിവി, മൊബൈൽ ചാർജിംഗ് സംവിധാനം തുടങ്ങിയവ കോച്ചുകളുടെ പ്രധാന സവിശേഷതകളാണ്.
ഡിസൈന് അന്തിമ അനുമതി ലഭിച്ചാൽ 2026 ഡിസംബറിൽ കോച്ചുകൾ പുറത്തിറക്കാൻ കഴിയുമെന്നാണ് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
- എസ്.ആർ. സുധീർ കുമാർ