കൊല്ലം: ഹെൽമറ്റിനുള്ളിൽ സ്പീക്കർ ഫിറ്റ് ചെയ്ത് യാത്രക്കിടെ പാട്ടു കേട്ടും ഫോൺ ചെയ്തും അപകടം ക്ഷണിച്ചുവരുത്തി പുതിയ തലമുറ. ബൈക്ക് യാത്രക്കിടെയാണ് ഇക്കൂട്ടർ ഇത്തരത്തിൽ സംഗീതം ആസ്വദിച്ചും ഫോൺ വിളിച്ചും നിരത്തിലൂടെ ചീറിപ്പായുന്നത്. കാണുന്നവർക്ക് ഇവർ ഫോണിൽ സംസാരിക്കുന്നതായി തോന്നുകയില്ല.
ഫോണിന്റെ സ്പീക്കർ അതിവിദഗ്ധമായി ഹെൽമറ്റിനുള്ളിൽ സ്ഥാപിച്ചാണ് വാഹനം ഓടിക്കുന്നത്. വാഹനപരിശോധനാസമയത്തു പോലും പോലീസിന് ഈ കള്ളക്കളി കണ്ടുപിടിക്കാനാവില്ല. ഇങ്ങനെ വാഹനം ഓടിക്കവെ ഫോണിൽ സംസാരിച്ചും സംഗീതം ആസ്വദിച്ചും പോയ നിരവധിപേർ അടുത്തിടെ നഗരത്തിൽ അപകടത്തിൽപ്പെട്ടിരുന്നു.
തെറിച്ചുവീണ ഹെൽമറ്റിൽ ഒളിപ്പിച്ചിരുന്ന സ്പീക്കർ അപ്പോഴാണ് കണ്ടെത്തിയത്. കോളജ് വിദ്യാർഥികളിലാണ് ഈ രീതി കൂടുതലായി കണ്ടുവരുന്നത്. വളരെ അപകടകരമായ രീതിയി ലാണ് ഇവർ ബൈക്ക് ഓടിക്കുന്നത്. കൈവെള്ളയിൽ ഒതുങ്ങുന്ന രീതിയിലുള്ള ബ്ലൂടൂത്ത് സിസ്റ്റമാണ് ഇതിൽ ഉപയോഗി ക്കുന്നത്. മാർക്കറ്റിൽ 900 മുതൽ 3000 രൂപവരെയാണ് ഈ സിസ്റ്റത്തിന്റെ വില.