തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ നടപടികൾ അതിന്റെ വഴിക്ക് നടക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സാമാജികർക്ക് പ്രത്യേക പരിഗണന ഒരു കാര്യത്തിലും കിട്ടാറില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭാ സമ്മേളനം ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ചേരാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിന്റെ തുടർച്ചയായി നവകേരളം സൃഷ്ടിക്കാനുതകുന്ന നവീനമായ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ നൽകുന്നതിൽ പ്രത്യേക നിയമസഭാസമ്മേളനം വേണ്ടത്ര വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ അല്പംകൂടി ശ്രദ്ധേയമായ ചർച്ച നടക്കേണ്ടതായിരുന്നു. അതിന് ഇനിയും സമയമുണ്ട്. എങ്കിലും പ്രളയാനുഭവങ്ങളും അതിന്റെ ഭാഗമായുള്ള പ്രശ്നങ്ങളും സഭയുടെയും അതുവഴി ജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുന്നതിൽ എല്ലാവരും വിജയിച്ചു. ഒരുമയോടെ മുന്നോട്ട് പോകാൻ നിർദ്ദേശിച്ച് സമ്മേളനം പ്രമേയം പാസാക്കിയിരുന്നുവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.