പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും താമസിക്കുന്ന ഫുലാനി വംശജരുടെ ചെറിയ ഉപഗ്രൂപ്പാണ് വോഡാബെ ഗോത്രക്കാർ.
കന്നുകാലി പരിപാലനമാണ് പ്രധാന തൊഴിൽ. എല്ലായ്പ്പോഴും പച്ചപ്പ് നിറഞ്ഞ മേച്ചിൽപ്പുറങ്ങൾ തേടിക്കൊണ്ടിരിക്കും ഇവർ. സാധാരണയായി ഒരു സ്ഥലത്ത് അധികം ദിവസം താമസിക്കില്ല.
ഇവർക്കിടയിൽ നടക്കുന്ന ഉത്സവമാണ് ജെറുവോൾ. അവരുടെ പരന്പരാഗത ഉത്സവമാണ് ഇത്. സെപ്റ്റംബർ മാസം അവസാനത്തോടെയാണ് ഈ ഉത്സവം നടക്കുന്നത്.
ഈ ഉത്സവകാലത്താണ് ഇവരുടെ പല ചടങ്ങുകളും ആചാരങ്ങളും നടക്കുന്നത്. ഗോത്ര വംശജരെല്ലാം അന്ന് ഒരുമിച്ചു കാണും.
പ്രത്യേക യോഗങ്ങൾ ചേരും. കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ, വിവാഹം ഉറപ്പിക്കൽ, സ്ത്രീധനം കൈമാറൽ, പരസ്പരം സാന്പത്തികമായി സഹായിക്കൽ, പുതിയ ഇണയെ കണ്ടെത്തൽ എന്നിങ്ങനെ ജീവിതത്തിലെ പല പ്രധാന ചടങ്ങുകളും നടത്താൻ ഇവർ തെരഞ്ഞെടുത്തിരുന്നത് ജെറുവോൾ ഉത്സവ സമയത്താണ്.
വേഷം കെട്ടിയാൽ
ഈ ഉത്സവത്തിലെ പ്രധാന ആകർഷണം അന്നു പുരുഷന്മാരെല്ലാം സ്ത്രീകളെപ്പോലെ അണിഞ്ഞൊരുങ്ങുന്നുവെന്നതാണ്. കണ്ണെഴുതി, പൊട്ട് തൊട്ട്, മുടി നീട്ടി വളർത്തി, ചായം പൂശി അവർ ഒരുങ്ങി നടക്കും.
ഇങ്ങനെ ചെയ്യുന്നതിനു പിന്നിൽ പുരുഷൻമാർക്കു വേറൊരു ലക്ഷ്യവുമുണ്ട്. തങ്ങളിലേക്ക് ഉത്സവസ്ഥലത്തു കൂടുന്ന സ്ത്രീകളെ ആകർഷിപ്പിക്കുക എന്നതാണ് അത്.
ചമഞ്ഞൊരുങ്ങി നിൽക്കുന്ന പുരുഷന് ഏതെങ്കിലും സ്ത്രീയുടെ ഇഷ്ടം നേടാൻ കഴിഞ്ഞാൽ അവരെ സ്വന്തമാക്കാം. ഇവിടെ വേറൊരു ഗുലുമാൽകൂടിയുണ്ട്.
ഇങ്ങനെ പുതിയ ഭർത്താവിനെയോ ഭാര്യയെയോ കണ്ടെത്തിയാൽ ഇവരുടെ മുൻ ഭർത്താവും മുൻ ഭാര്യയുമൊക്കെ ഇവരെ വിട്ടുപൊയ്ക്കോണം. പുതിയ ഇണയോടൊപ്പമായിരിക്കും പിന്നെ ജീവിതം.
ബഹുഭാര്യാത്വവും
ഉത്സവസമയത്ത് പരസ്പരം ഇഷ്ടപ്പെട്ട് ഇണകളായി മാറിയാൽ അന്നു രാത്രി ഇവർക്ക് ആഘോഷത്തിന്റേതാണ്. ആ ഉത്സവരാത്രിയിൽത്തന്നെ ഇവർ കിടക്ക പങ്കിടും.
ഇതിനായി ഉത്സവത്തിനെത്തുന്ന സ്ത്രീകൾ ആർത്തവ വിരാമം ഉള്ളവരായിരിക്കണമെന്നതാണ് മറ്റൊരു നിർദേശം. ബഹുഭാര്യാത്വം ഈ ഗോത്രക്കാർക്ക് ഒരു വിഷയമേയല്ല.
ചാരിത്രശുദ്ധിയൊന്നും ഇവർക്കിടയിൽ ചർച്ചയാകാറേയില്ല. ഭാര്യയെയും ഭർത്താവിനെയും ഉപേക്ഷിക്കുന്നതിനെച്ചൊല്ലിയൊന്നും ആരും ഇവരെ ചോദ്യം ചെയ്യില്ല. കാരണം ഇതെല്ലാം അവരുടെ ആചാരത്തിന്റെ ഭാഗമാണ്.
ചമഞ്ഞുപോകുന്നവർ
പൊതുവേ സമൂഹത്തിൽ സ്ത്രീകളാണ് സൗന്ദര്യബോധമുള്ളവരും അണിഞ്ഞൊരുങ്ങി നടക്കുന്നവരും. എന്നാൽ, വോഡാബെ ഗോത്രത്തിലെ കാര്യങ്ങൾ ഇത്തിരി വ്യത്യസ്തമാണ്.
ഇവിടെ പുരുഷൻമാർ സ്ത്രീകളേക്കാൾ സൗന്ദര്യബോധം കൂടുതലുള്ളവരാണ്. എവിടെപ്പോയാലും ഇവർ ഒരുങ്ങിച്ചമഞ്ഞേ പോകൂ. എപ്പോഴും കണ്ണാടിയും മുഖത്തിടാൻ ചായങ്ങളും കൺമഷിയുമൊക്കെ ഇവരുടെ കൈവശം കാണും.
വോഡാബെ പുരുഷൻമാരുടെ കല്യാണം ചെറുപ്പത്തിൽത്തന്നെ നടക്കും. ജെറുവോൾ ഉത്സവത്തിൽ പങ്കെടുക്കുന്പോൾത്തന്നെ ഇവരിൽ ഭൂരിഭാഗം പുരുഷൻമാരും ഇണയെ കണ്ടെത്തിയിരിക്കും.
തയാറാക്കിയത്: എൻ.എം