ബിജു രണ്ടും കല്‍പ്പിച്ചു തന്നെ ! ഭദ്രന്റെ എതിര്‍പ്പിനു പുല്ലുവില കല്‍പ്പിച്ച് സ്ഫടികം- 2 ടീസര്‍ അടുത്തദിവസം റിലീസ് ചെയ്യും; തോമാച്ചായന്റെ പേരിലുള്ള പോരു മുറുകുമ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സണ്ണിയെത്തും…

സ്ഫടികം-2 സംബന്ധിച്ച വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. എന്തു വന്നാലും ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ ബിജു.ജെ കട്ടക്കല്‍ ഉറപ്പിച്ചു പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുകയാണ്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ വിവാദങ്ങള്‍ കത്തിപ്പടരുകയാണ്. ആദ്യം മോഹന്‍ലാല്‍ ആരാധകരും പിന്നാലെ സ്ഫടികമൊരുക്കിയ ഭദ്രനും സിനിമക്കെതിരെ രംഗത്ത് വന്നു. ‘സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’ എന്നാണ് ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം വകവയ്ക്കാതെ ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന രണ്ടാം ഭാഗത്തിന്റെ ടീസര്‍ ഈ വരുന്ന 30ന് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.’മലയാളികളുടെ നെഞ്ചില്‍ തറച്ച തോമാച്ചായന്‍ അവതരിച്ചിട്ട് ഈ മാര്‍ച്ച് മാസം മുപ്പതാം തീയതി 24 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ മകന്റെ കഥയുമായി എത്തുന്ന സ്ഫടികം 2 ഇരുമ്പന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്യുകയാണ്, തോമാച്ചായനെ മലയാളികളുടെ ചങ്കില്‍ കൊത്തിയെങ്കില്‍, തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ പേരും അതെ ചങ്കില്‍ കൊത്തിയിരിക്കും, ഇത് എന്റെ അതിരു കടന്ന ആത്മ വിശ്വാസമോ,അഹങ്കാരമോ അല്ല, മറിച്ചച്ചത് ഇരുമ്പന്‍ സണ്ണി തോമാച്ചായന്റെ മകനാണ് എന്ന സത്യം.’-ബിജു കുറിച്ചു.

നാലു വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സ്ഫടികം-2 പ്രഖ്യാപിച്ചതെന്നും ഒരു കാരണവശാലും മുമ്പോട്ടുവച്ച കാല്‍ പിന്നോട്ടെടുക്കില്ലെന്നും ബിജു കട്ടക്കല്‍ കട്ടായം പറയുകയാണ്.സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി സണ്ണിലിയോണ്‍ എത്തുന്നത് സത്യമാണെന്നും ഐപിഎസ് ഉദ്യോഗസ്ഥയായാകും അവര്‍ അഭിനയിക്കുകയെന്നും ബിജു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.

സ്ഫടികം-2 ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്ബാനെന്ന ആശയവുമായി വന്നത്. റെയ്ബാന്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന ഗ്ലാസ് അല്ലേ? സ്ഫടികം-2 എന്ന ഈ സിനിമ ഇരുമ്പന്റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.’ബിജു പറയുന്നു. ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും മോഹന്‍ലാലിന്റെ പേര് വച്ച് ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്നും ‘ഇതെന്റെ പുതുപുത്തന്‍ റെയ്ബാന്‍ ആണെന്നതാണ് ഭദ്രന്‍ സാറിനുളള മറുപടി. സിനിമ എന്തായാലും നടക്കും. നമ്മളെ തടയാനാകില്ല. രണ്ടാം ഭാഗവുമായി തന്നെ മുന്നോട്ടുപോകും.ബിജു പറയുന്നു. ബിജു സംവിധാനം ചെയ്ത ‘യുവേഴ്സ് ലവിങ്ലി’ എന്ന സിനിമ ചിത്രീകരണം പൂര്‍ത്തികരിച്ചിട്ടും റിലീസ് ചെയ്യാന്‍ കഴിയാതെ പോവുകയായിരുന്നു.

Related posts