ആടിനെ പട്ടിയാക്കുകയെന്നു നമ്മള് കേട്ടിട്ടുണ്ട്. പശുവിനെ മോഷ്ടിച്ചുകൊണ്ടുവന്ന് പെയിന്റടിച്ചു വില്‍ക്കുന്നത് സിനിമയിലും മറ്റും കണ്ടിട്ടുമുണ്ട്. എന്നാല്‍ ഇപ്പറഞ്ഞതു പോലെയുള്ള തട്ടിപ്പിന്റെ വിവരങ്ങളാണ് ഇപ്പോള്‍ കാനഡിയില്‍ നിന്നു കേട്ടുകൊണ്ടിരിക്കുന്നത്. പൂച്ചയാണ് കാനഡയിലെ ഏറ്റവും പുതിയ തട്ടിപ്പു വസ്തു. രോമങ്ങളില്ലാത്ത സ്ഫിംഗ്സ് ക്യാറ്റ് എന്നയിനം പൂച്ചയ്ക്ക് ബ്രിട്ടനില്‍ വന്‍ ഡിമാന്റാണുള്ളത്. ഇത്തരമൊരു പൂച്ചയ്ക്ക് 40000ല്‍ അധികം വില ലഭിക്കും. ഇതു മുതലാക്കി സാധാരണ പൂച്ചകളുടെ രോമം മുഴുവന്‍ വടിച്ച ശേഷം സ്ഫിംഗ്സ് ക്യാറ്റ് എന്ന വ്യാജേന വില്‍ക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. കാനഡയിലെ ആല്‍ബര്‍ട്ടയിലുള്ള നിരവധി സ്ത്രീകള്‍ തട്ടിപ്പിനിരയായെന്നാണ് ലഭിക്കുന്ന വിവരം. വന്‍തുക കൊടുത്ത് വാങ്ങിച്ച ശേഷം രോമം വളര്‍ന്നു തുടങ്ങുമ്പോള്‍ മാത്രമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് ഇരകള്‍ക്കു മനസിലാവുക.
ജോവാന്ന ഡൈക്ക് എന്ന സ്ത്രീ അവരുടെ അനുഭവം പറയുന്നതിങ്ങനെ. ഓണ്‍ലൈനില്‍ പരസ്യം കണ്ടാണ് ഇവര്‍ പൂച്ചയെ വാങ്ങുന്നത് അതിന് വഌദ് എന്നു പേരുമിട്ടു. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ റേസര്‍ ബ്ലേഡ് കൊണ്ടുണ്ടായ മുറിവ് പൂച്ചയുടെ വാലില്‍ കണ്ടതോടെയാണ് ജൊവാന്നയ്ക്ക് സംശയമുണ്ടാവുന്നത്. മുറിവ് പഴുത്തതിനാല്‍ പിന്നീട് വാല് മുറിച്ചു കളയേണ്ടി വന്നു. പൂച്ച രക്ഷപ്പെട്ടെങ്കിലും മൃഗങ്ങളോടു കാണിക്കുന്ന ഈ ക്രൂരതകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആല്‍ബര്‍ട്ട് സൊസൈറ്റി ഫോര്‍ ക്രൂവല്‍റ്റി ടു ആനിമല്‍സ് എന്ന സംഘടനയെ സമീപിച്ചു. എന്നാല്‍ ഈ വിഷയം കഴിഞ്ഞു പോയതിനാല്‍ തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നായിരുന്നു സംഘടനയുടെ മറുപടി. ജോവാന്നയ്ക്കുണ്ടായതിനു സമാനമായ അനുഭവം പറഞ്ഞുകൊണ്ട് നിരവധി സ്ത്രീകളാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.