ഹൈദരാബാദ്: യാത്രക്കാര്‍ ഇല്ലാത്തതു കാരണം അയോധ്യയിലേക്കുള്ള വിമാന സർവീസ് നിർത്തലാക്കി സ്പൈസ് ജെറ്റ്. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള യാത്രക്കാരുടെ ആവേശം കണ്ടാണ് മുൻനിര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് വിവിധ നഗരങ്ങളിൽനിന്ന് സർവീസ് ആരംഭിച്ചത്.
ഏപ്രിൽ രണ്ടിനാണ് ഹൈദരാബാദില്‍നിന്ന് അയോധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിവാരം മൂന്ന് സർവീസ് തുടങ്ങിയത്. വേണ്ടത്ര യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ജൂൺ ഒന്നു മുതൽ സർവീസുകൾ പൂർണമായും നിർത്തലാക്കി.
രാജ്യത്തെ എട്ട് വിമാനത്താവളങ്ങളിൽനിന്ന് അയോധ്യയിലേക്ക് സർവീസുകൾ ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ ആറ് നഗരങ്ങളിൽ നിന്നു നേരിട്ടുള്ള സർവീസുകൾ നിർത്തലാക്കി. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ജയ്പുർ, പാട്ന, ദർഭംഗ എന്നീ സർവീസുകളാണ് റദ്ദ് ചെയ്തത്. അഹമ്മദാബാദ്, ഡൽഹി നഗരങ്ങളിൽനിന്ന് മാത്രമാണ് സ്പൈസ് ജെറ്റ് അയോധ്യയിലേക്ക് സർവീസ് നടത്തുന്നത്.
ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടത്തിയതിനു പിന്നാലെയാണ് വിവിധ നഗരങ്ങളിൽനിന്ന് അയോധ്യയിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചത്.
തുടക്കത്തിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പലയിടങ്ങളിൽനിന്നു ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് ആളുകളെ അയോധ്യയിലേക്ക് എത്തിച്ചെങ്കിലും ആഴ്ചകൾക്കുള്ളിൽ തന്നെ യാത്രക്കാരുടെ ആവേശം കെട്ടടങ്ങുന്നതാണ് കണ്ടത്. അയോധ്യ ക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെടുകയും ചെയ്തിരുന്നു.