കുമളി: സഞ്ചാരികൾ എത്താത്തതിനാൽ സുഗന്ധവിള വ്യാപാര വിപണി രൂക്ഷമായ പ്രതിസന്ധിയിൽ. ഓരോ വർഷവും കോടിക്കണക്കിനു രൂപയുടെ വ്യാപാരം നടന്നിരുന്ന സ്പൈസസ് ഷോപ്പുകളാണ് ഇപ്പോൾ വ്യാപാരം ഇല്ലാതെ പ്രതിസന്ധി നേരിടുന്നത്. ഇപ്പോഴത്തെ ഏക ആശ്രയം ശബരിമല സീസണിലെ കച്ചവടം മാത്രമാണെന്ന് വ്യാപാരികൾ പറയുന്നു.
പ്രധാനമായും തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന സ്വദേശ-വിദേശ സഞ്ചാരികളെ ആശ്രയിച്ച് മാത്രമാണ് കുമളിയിലെ സുഗന്ധവിള ഉൾപ്പെടെയുള്ള ഇതര വ്യാപാര സ്ഥാപനങ്ങളുടെ നിലനില്പ്. എന്നാൽ, മുൻ വർഷം കേരളത്തിലെ മഹാപ്രളയവും തുടർന്നുണ്ടായ നിപ്പ വൈറസ് ബാധയും സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ഏലം, കാപ്പി, കുരുമുളക്, തേയില, കറിമസാലകൾ, കശുവണ്ടി പരിപ്പ്, ബദാം, ചിപ്സ് തുടങ്ങിയവയാണ് വില്പനയില്ലാതെ കടകളിൽ കെട്ടിക്കിടക്കുന്നത്. ലക്ഷക്കണക്കിനു രൂപ അഡ്വാൻസ് നൽകിയാണ് ഓരോ സ്പൈസസ് ഷോപ്പും പ്രവർത്തിക്കുന്നത്. ചില ഫെസ്റ്റിവൽ സീസണും ശബരിമല തീർഥാടന കാലവും ലഭിക്കുന്ന വ്യാപാരം മാത്രമാണ് ഇപ്പോൾ വ്യാപാരികൾക്ക് അല്പം ആശ്വാസം.